ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈയിലെ കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഡി.എം.കെ. അധ്യക്ഷന്‍ സ്റ്റാലിനെതിരേ എ.ഐ.എ.ഡി.എം.കെ. യുടെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി. പാര്‍ട്ടി വക്താവും ട്രാന്‍സ്ജെന്‍ഡറുമായ അപ്സര റെഡ്ഡിയാണ് കൊളത്തൂരില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.

സ്റ്റാലിനെതിരേ സ്ഥാനാര്‍ഥിയാകാനുള്ള അപേക്ഷ എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിന് അപ്സര സമര്‍പ്പിച്ചു. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖത്തെ തുടര്‍ന്നായിരിക്കും സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക. അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക വൈകുമെങ്കിലും കൊളത്തൂരില്‍ അപ്സരയെത്തന്നെ കളത്തിലിറക്കാനാണ് എ.ഐ.എ.ഡി.എം.കെ. നേതൃത്വം ഒരുങ്ങുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിനെതിരേ നുണപ്രചാരണം നടത്തുന്ന സ്റ്റാലിനെ പരാജയപ്പെടുത്താനാണ് മത്സര രംഗത്തിറങ്ങുന്നതെന്ന് അപ്സര പറഞ്ഞു.

മാധ്യമ പ്രവര്‍ത്തക, ടി.വി. അവതാരക തുടങ്ങിയ നിലയില്‍ ശ്രദ്ധേയയായ അപ്സര റെഡ്ഡി 2016-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നുവെങ്കിലും ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടു. പിന്നീട് എ.ഐ.എ.ഡി.എം.കെ. യില്‍ ചേര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. യുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു.

content highlights: Transgender candidate against Stalin