ചെന്നൈ : ഇത്തവണ തമിഴ്നാട്ടിലെ നിയമസഭാതിരഞ്ഞെടുപ്പ് 'കണ്‍ഫ്യൂഷന്‍' തരംഗത്തിലാണ്. ഏതുപാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന കാര്യത്തില്‍ ജനങ്ങള്‍ ഇത്രയേറെ ആശയക്കുഴപ്പത്തിലായ തിരഞ്ഞെടുപ്പ് തമിഴകത്ത് ആദ്യമാവും.

ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെ.യിലുണ്ടായ ഭിന്നതകളും ബി.ജെ.പി.യുമായുള്ള സഖ്യവുമാണ് ഇതിന്റെ പ്രധാന കാരണം. ഇതിന്റെ നേട്ടം ഡി.എം.കെ.യ്ക്കാണ് ഉണ്ടാവേണ്ടതെങ്കിലും ഡി.എം.കെ.യുടെ മുന്‍ഭരണകാലത്തെ ക്രമസമാധാനത്തകര്‍ച്ചയും അഴിമതികളും ആവര്‍ത്തിക്കുമോ എന്ന ഭയം വോട്ടര്‍മാര്‍ക്കുണ്ട്.

ഇത് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. തമിഴ്നാട്ടിലൂടെ നടത്തിയ യാത്രയില്‍ കണ്ടുമുട്ടിയ ഭൂരിഭാഗം പേരും ഇത്തവണ തങ്ങള്‍ വലിയ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് അഭിപ്രായപ്പെടുന്നു.

എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്റെ ഭരണത്തില്‍ വലിയ കുറ്റപ്പെടുത്തലുകളില്ലെങ്കിലും അദ്ദേഹവും ഒ.പനീര്‍ശെല്‍വവും ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വത്തെ സംശയത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. ജയലളിത ജീവിച്ചിരിപ്പുണ്ടെങ്കില്‍ എ.ഐ.എ.ഡി.എം.കെ.യ്ക്ക് കണ്ണുംപൂട്ടി വോട്ടുചെയ്യുമായിരുന്നവര്‍ ഇത്തവണ ബൂത്തിലെത്തുക കലങ്ങിയ മനസ്സോടെയാവും. വി.കെ. ശശികല രാഷ്ട്രീയംവിട്ടുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാത്തവരാണ് കൂടുതലും. കോവില്‍പ്പെട്ടി സ്ഥാനാര്‍ഥികൂടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരന്‍ നാടകം കളിക്കുകയാണെന്ന സംശയവും പലര്‍ക്കുമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ശശികലയും ദിനകരനും ശക്തമായി എ.ഐ.എ.ഡി.എം.കെ.യില്‍ തിരിച്ചെത്തുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലുള്ള ബന്ധത്തെ അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ ഒട്ടേറെയാണ്. ജയലളിതയുടെ മരണശേഷം പാര്‍ട്ടി നേതൃത്വം എ.ഐ.എ.ഡി.എം.കെ.യെ ബി.ജെ.പി.യുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചെന്നും ഇതിന്റെ ദുരന്തം അനുഭവിക്കേണ്ടത് തമിഴ്നാട്ടിലെ ജനങ്ങളാണെന്നും അഭിപ്രായപ്പെടുന്നവര്‍ ധാരാളമുണ്ട്. പ്രമുഖരുടെ അഴിമതികള്‍ പൂഴ്ത്തിവെക്കാനും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുമുള്ള കവചമാണ് ബി.ജെ.പി. ബന്ധമെന്നും ഇവര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ സാധിച്ചുതരുന്നുണ്ടെന്ന പളനിസ്വാമി സര്‍ക്കാരിന്റെ വാദം പലരും അംഗീകരിക്കുന്നില്ല. ഇത് ഭാവിയില്‍ ദോഷംചെയ്യുമെന്ന് അവര്‍ പറയുന്നു. സൗജന്യങ്ങള്‍ നല്‍കുന്നതുവഴി ജനങ്ങള്‍ കടക്കാരായി മാറുമെന്നും അഭിപ്രായമുയരുന്നുണ്ട്.

ആളോഹരികടം വര്‍ധിക്കുന്നതിനെക്കുറിച്ച് കമല്‍ഹാസന്‍ തന്റെ പ്രസംഗങ്ങളില്‍ നിരന്തരം പരാമര്‍ശിക്കുന്നുണ്ട്. ഇത് കമലിന്റെ പാര്‍ട്ടിക്ക് വലിയ ഗുണംചെയ്യില്ലെങ്കിലും എ.ഐ.എ.ഡി.എം.കെ.യ്ക്കും ഡി.എം.കെ.യ്ക്കും വോട്ടുചെയ്യുന്നവരെ ആലോചിക്കുന്ന അവസ്ഥയിലെത്തിക്കും. ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഡി.എം.കെ.യ്ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നതെങ്കിലും അതിനെ മറികടക്കാനുള്ള അടവുകള്‍ എ.ഐ.എ.ഡി.എം.കെ.യും പയറ്റുന്നുണ്ട്. മുന്‍ ഡി.എം.കെ. ഭരണകാലത്തെ അഴിമതികളാണ് ഇതിനുള്ള പ്രധാന ആയുധം. മാത്രമല്ല, മുന്‍മുഖ്യമന്ത്രി എം. കരുണാനിധിക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം മകന്‍ എം.കെ.സ്റ്റാലിന് നേടിയെടുക്കാനായിട്ടില്ല.

content highlights: Tamilnadu election 2021