''ഇവിടെ നിലവിലുള്ളത് അടിമ ഭരണമാണ്. ഡല്‍ഹിയിലിരിക്കുന്നവര്‍ ആജ്ഞാപിക്കുന്നത് കേള്‍ക്കുന്ന ഏറാന്‍മൂളികളുടെ ഭരണം. ഈ നടക്കുന്ന പോരാട്ടം തമിഴരുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ്.'' തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കനിമൊഴിയോട് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളാണിവ

മികച്ച ഭൂരിപക്ഷത്തോടെ തമിഴ്നാടിന്റെ ഭരണത്തിലേക്ക് വീണ്ടും എത്തി അധികം വൈകാതെയായിരുന്നു ജയലളിത മരണപ്പെട്ടത്. അന്ന് മുതല്‍ അതി സങ്കീര്‍ണമായ പ്രതിസന്ധിയിലേയ്ക്ക് വീണുപോയ അണ്ണാഡിഎംകെയുടെ കടിഞ്ഞാണ്‍ ഡല്‍ഹിയിലായിരുന്നു എന്ന കനിമൊഴിയുടെ പരാമര്‍ശം കുറേയൊക്കെ ശരിയുമാണ്. പനീര്‍സെല്‍വത്തിന്റെ ധര്‍മ്മയുദ്ധം, ശശികലയുടെ ജയില്‍വാസം, പാര്‍ട്ടിയിലെ അനൈക്യവും ഐക്യവും തുടങ്ങി തിരഞ്ഞെടുപ്പ് സഖ്യങ്ങള്‍ വരെ ബിജെപിയുടെ തിരക്കഥയ്ക്കനുസരിച്ച് നീങ്ങി അണ്ണാ ഡിഎംകെയില്‍. പനീര്‍സെല്‍വവും അദ്ദേഹത്തിന്റെ മകനും പാര്‍ട്ടിയുടെ ഏക ലോക്സഭാ എംപിയുമായ രവീന്ദ്രനാഥ് കുമാറും വല്ലാതെ ബിജെപിയുമായി അടുത്ത് നില്‍ക്കുന്നതില്‍ പളനിസ്വാമി ഉള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റഡാറിലുള്ള നേതാക്കള്‍ക്ക് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സാധ്യത കുറവായിരുന്നു എന്നതാണ് സത്യം. വലിയ തിരിച്ചടിയാണ് തമിഴ് ജനത പളനിസ്വാമിയക്കും പനീര്‍സെല്‍വത്തിനും നല്‍കിയത്.

പത്ത് വര്‍ഷം തമിഴ്നാട്ടില്‍ അധികാരത്തിന് പുറത്തിരിക്കേണ്ടി വന്ന ഡിഎംകെ വീണ്ടും സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലേക്ക് എത്തുമ്പോള്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവുമുണ്ട്. ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച 133 പേര്‍ സഭയിലുണ്ടാകും. 25 ഇടത്ത് മത്സരിച്ച് 18 സീറ്റും വിജയിച്ച കോണ്‍ഗ്രസ് സമീപകാലത്ത് ഇന്ത്യയിലെ ഒരു തിരഞ്ഞെടുപ്പില്‍ നേടുന്ന മികച്ച വിജയം സ്വന്തമാക്കി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്നാട് നിയമസഭയിലേയ്ക്ക് കമ്യൂണിസ്റ്റുകാരും എത്തുകയാണ്. ഡിഎംകെ സഖ്യത്തില്‍ നിന്ന് ആറ് വീതം സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ടിടങ്ങളില്‍ വീതം വിജയിച്ചു. ദളിതരുടെ പ്രതിരോധം ഉയര്‍ത്തുന്ന വിടുതലൈ ചിരുതൈ കക്ഷികള്‍ നാല് സീറ്റില്‍ വിജയിച്ച് തിളങ്ങി. ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ച എംഡിഎംകെയുടെ നാല് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

മറുഭാഗത്ത് അണ്ണാ ഡിഎംകെ 66 ലേക്ക് വീണു. 10.5 ശതമാനം വണ്ണിയര്‍ സംവരണം സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ചെങ്കിലും വണ്ണിയര്‍മാരുടെ പാര്‍ട്ടിയായ പാട്ടാളി മക്കള്‍ കക്ഷിയും നിലം തൊട്ടില്ല. അഞ്ച് സീറ്റ് മാത്രമാണ് പി.എം.കെയ്ക്ക് നേടാനായത്. ഒന്നരപ്പതിറ്റാണ്ടിന് ശേഷം ബിജെപിയ്ക്ക് തമിഴ്നാട്ടില്‍ എംഎല്‍എമാരുണ്ടായി എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. നാല് സീറ്റില്‍ വിജയിച്ചു. എന്നാല്‍ അടുത്തിടെ മാത്രം ബിജെപിയിലേക്ക് എത്തിയ നടി ഖുഷ്ബുവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈയും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനും പരാജയപ്പെട്ടു.

ആറിടങ്ങളിൽ അഞ്ചിടത്ത് ഡിഎംകെ

ഓരോ മേഖലകളാക്കി തിരിച്ച് പരിശോധിച്ചാല്‍ ഒരിടത്ത് മാത്രമാണ് അണ്ണാ ഡിഎംകെ കോട്ട കാത്തത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി തുടങ്ങിയ ജില്ലകള്‍ വരുന്ന കൊങ്ക് നാട് മേഖല. കാലങ്ങളായി അണ്ണാ ഡിഎംകെയോട് ഒപ്പം നില്‍ക്കുന്ന ഈ ഭൂപ്രദേശത്തെ ജനങ്ങള്‍ ചെറുതായി ചാഞ്ചാടിയെങ്കിലും 32 സീറ്റുകളാണ് അണ്ണാ ഡിഎംകെയ്ക്ക് സമ്മാനിച്ചത്. അതായത് അണ്ണാ ഡിഎംകെ ആകെ നേടിയ സീറ്റുകളില്‍ പാതിയോളവും ഈ മേഖല നല്‍കി. ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും കൂടി 15 സീറ്റേ ഇവിടെ നിന്ന് ലഭിച്ചുള്ളു.

വണ്ണിയര്‍ സമുദായത്തിന് സ്വാധീനമുള്ള വടക്കന്‍ തമിഴ്നാട്ടില്‍ വണ്ണിയര്‍ സംവരണ തീരുമാനം വോട്ടാകുമെന്നായിരുന്നു പളനിസ്വാമിയുടെ പ്രതീക്ഷ. പാട്ടാളി മക്കള്‍ കക്ഷിയുമായുള്ള സഖ്യം ദൃഢവുമായിരുന്നു. എന്നാല്‍ ഡിഎംകെ വടക്കന്‍ തമിഴ്നാട്ടില്‍ കൊടുങ്കാറ്റ് പോലെ വീശി. ചെന്നൈയിലെ 16 സീറ്റുകളും സഖ്യം തൂത്തുവാരി. ഇരുപത് വര്‍ഷമായി വിജയക്കൊടി നാട്ടാന്‍ കഴിയാതിരുന്ന റോയപുരവും ഡിഎംകെയെ പുല്‍കി. അവിടെ അണ്ണാ ഡിഎംകെയിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രിയും പാര്‍ട്ടിയുടെ ഉന്നതാധികാര സമതി അംഗവുമായ ഡി ജയകുമാര്‍ മുപ്പതിനായിരത്തില്‍പ്പരം വോട്ടിന് പരാജയപ്പെട്ടത് അണ്ണാ ഡിഎംകെയ്ക്ക് നാണക്കേടായി. 62 സീറ്റുകള്‍ നേടി വടക്കന്‍ തമിഴ്നാട് ഡിഎംകെ പിടിച്ചപ്പോള്‍ അണ്ണാ ഡിഎംകെ 13ല്‍ ഒതുങ്ങി. 30 സീറ്റെങ്കിലും പ്രതീക്ഷിച്ചിടത്താണ് ഈ തിരിച്ചടി നേരിട്ടത്.

തെക്കന്‍ തമിഴ്നാട്ടില്‍ മൂന്ന് ഘടകം വോട്ടിനെ സ്വാധീനിച്ചിട്ടുണ്ടാവണം. ഒന്ന് - ടിടിവി ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം ചോര്‍ത്തിയ അണ്ണാ ഡിഎംകെ വോട്ടുകള്‍. രണ്ട് - തൂത്തുക്കുടിയില്‍ പോലീസുമായി ബന്ധപ്പെട്ട് നടന്ന രണ്ട് കുറ്റകൃത്യങ്ങള്‍. വേദാന്ത കമ്പനിയുടെ ചെമ്പ് ശുദ്ധീകരണശാലയ്ക്ക് എതിരെ പ്രദേശവാസികള്‍ അവിടെ വര്‍ഷങ്ങളായി സമരം ചെയ്തിരുന്നു. ഒടുവില്‍ ആ സമരത്തെ സര്‍ക്കാര്‍ അടിച്ചൊതുക്കിയപ്പോള്‍ 13 സമരക്കാര്‍ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ആ സമരക്കാരുടെ മനസ്സ് ഡിഎംകെയ്ക്ക് ഒപ്പമാണ് എന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായതാണ്. അന്ന് കനിമൊഴിയ്ക്ക് തൂത്തുക്കുടി റെക്കോഡ് ഭൂരിപക്ഷം നല്‍കി. സാത്താങ്കുളത്ത് ജയരാജ് എന്ന കടയുടമയേയും മകന്‍ ബെന്നിക്സിനേയും പോലീസുകാര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. ഈ രണ്ട് ഘടകത്തിനൊപ്പം ദിനകരന്‍ സ്വന്തമാക്കിയ വോട്ടുകളും വിധി നിശ്ചയിച്ചു. ഒറ്റ സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റത്തിന് സാധിച്ചില്ലെങ്കിലും ദിനകരന്‍ സ്വന്തമാക്കിയത് അണ്ണാ ഡിഎംകെയുടെ വോട്ടാണ്. ആ വോട്ട് ഡിഎംകെയ്ക്ക് ഗുണമായി. ഒപ്പം വണ്ണിയര്‍ വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ അവര്‍ക്ക് സംവരണം നല്‍കിയ സര്‍ക്കാര്‍ നിലപാട് തേവര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജാതിവിഭാഗങ്ങളെ ഡിഎംകെയോട് അടുപ്പിക്കാനും കാരണമായി. അത് വോട്ടുമായി. 32 സീറ്റുകള്‍ തെക്കന്‍ തമിഴ്നാട് ഡിഎംകെയ്ക്ക് നല്‍കിയപ്പോള്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 10 സീറ്റും ലഭിച്ചു. അണ്ണാ ഡിഎംകെ 16ല്‍ ഒതുങ്ങി.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയ നടപടി തമിഴ്നാട്ടിലെ മധ്യമേഖലയില്‍ വോട്ടാകുമെന്ന് എടപ്പാടി കണക്ക് കൂട്ടി. കാവേരി നദീതീര ജില്ലകള്‍ തുടര്‍ ഭരണത്തിന് മുതല്‍ക്കൂട്ടാകുമെന്നും കരുതി. പക്ഷേ നേരെ തിരിച്ചാണ് സംഭവിച്ചത്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇരു സഭകളിലും ബില്ല് അവതരപ്പിച്ചപ്പോള്‍ ഡിഎംകെ അതിശക്തമായി എതിര്‍ത്തു. എന്നാല്‍ അണ്ണാ ഡിഎംകെയുടെ വോട്ടിന്റെ കൂടി ബലത്തില്‍ ബില്ല് രാജ്യസഭ കടന്ന് നിയമമായി. ഡിഎംകെ സംസാരിച്ച ഈ രാഷ്ട്രീയത്തെ മറികടക്കാന്‍ ലോണുകള്‍ എഴുതിത്തള്ളുമെന്ന പളനിസ്വാമിയുടെ പ്രഖ്യാപനത്തിന് കഴിഞ്ഞില്ല. 30 സീറ്റ് ഡിഎംകെ സഖ്യം ഈ മേഖലയില്‍ നിന്ന് സ്വന്തമാക്കിയപ്പോള്‍ അണ്ണാ ഡിഎംകെ നാലില്‍ ഒതുങ്ങി. വടക്കന്‍ തമിഴ്നാടിനെപ്പോലെ തന്നെ കാര്‍ഷിക ജില്ലകളും ഡിഎംകെയ്ക്ക് ഒപ്പം നിന്നു.

നഗരപ്രദേശങ്ങളിലെ നിയമസഭാ മണ്ഡലങ്ങളില്‍ 40 ഇടത്ത് ഡിഎംകെ വിജയിച്ചു. എട്ടിടത്ത് മാത്രം അണ്ണാഡിഎംകെ നേടി. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ അണ്ണാ ഡിഎംകെ അല്‍പ്പമെങ്കിലും പിടിച്ചു നിന്നു.

മതേതര ആശയങ്ങളോട് കൂറള്ള ദ്രാവിഡര്‍

ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിത്തറ നിലനില്‍ക്കുന്നു എന്നതിനാല്‍ തമിഴ്നാട്ടില്‍ ബ്രാഹ്ണാധിപത്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ വികാരം ഇപ്പോഴും നിലനില്‍ക്കുന്നതായി കാണാം. മതേതര ആശയങ്ങളോട് കൂറള്ളവരാണ് തമിഴ്നാട്ടിലെ മഹാഭൂരിപക്ഷം ജനങ്ങളും. അതുകൊണ്ടു കൂടിയാണ് ജയലളിത ''അന്ത മാഡിയാ ഇന്ത ലേഡിയാ'' എന്ന് 2014 ല്‍ ഉറക്കേ ചോദിച്ചപ്പോള്‍ ഈ വനിത മതിയെന്ന് പറഞ്ഞ് തമിഴ് ജനത 37 ലോക്സഭാ സീറ്റ് നല്‍കിയത്. അതേ ജയലളിതയുടെ പാര്‍ട്ടി അതേ മോഡിയോടൊപ്പം ചേര്‍ന്ന് 2019 ല്‍ വോട്ട് ചോദിച്ചപ്പോള്‍ എതിര്‍പക്ഷത്തുള്ള ഡിഎംകെ സഖ്യത്തിന് തമിഴ് ജനത 38 സീറ്റ് നല്‍കിയതും ഇതേ കാരണം കൊണ്ടു കൂടിയാണ്. അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കരുത് എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എഴുതി വെച്ചത്. പക്ഷേ ആ പറച്ചില്‍ തമിഴ്നാട്ടിലെ മതേതര ചിന്തയുള്ള മഹാഭൂരിപക്ഷവും ഇരകളാക്കപ്പെടുമെന്ന് ഭയക്കുന്ന മുസ്ലിംങ്ങളും പാടേ തള്ളിക്കളഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലാകെ പ്രചാരണം നടത്തിയ, പൗരത്വ ഭേദഗതി ബില്ല് പാസാക്കാന്‍ നിര്‍ണായക പിന്തുണ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ പാര്‍ട്ടി ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ് എന്ന വിലയിരുത്തല്‍ ജനങ്ങള്‍ നടത്തുകയായിരുന്നു വേണം വിലയിരുത്താന്‍. അതുകൊണ്ട് കൂടിയാണ് എടപ്പാടി പളനിസ്വാമി നന്നായി തമിഴ്നാടിനെ നയിക്കാന്‍ ശ്രമിച്ചു എന്ന് അഭിപ്രായമുള്ളവര്‍ കൂടി ഡിഎംകെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ ഒറ്റയ്ക്ക് മത്സരിച്ചിരുന്നുവെങ്കില്‍ ഇതിലും മികച്ച പ്രകടനം നടത്തുമായിരുന്നുവെന്ന വിലയിരുത്തലുകള്‍ക്ക് അടിസ്ഥാനമുണ്ട്.

ജയലളിത തമിഴര്‍ക്ക് 'പുരട്ചി തലൈവി' (വിപ്ലവ നായിക) ആയത് അവരുടെ ആര്‍ജ്ജവമുള്ള നിലപാടുകളുടെ കൂടി പേരിലാണ്. നിലപാടെടുക്കാനുള്ള ധൈര്യത്തിന്റെ പേരിലും. പക്ഷേ എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ആ ആര്‍ജ്ജവം നഷ്ടപ്പെട്ട് നില്‍ക്കുന്നത് തമിഴ് ജനതയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പല തവണ നോക്കി നില്‍ക്കേണ്ടി വന്നു. പെരിയാര്‍ വളര്‍ത്തിയെടുത്ത സംസ്‌കാരം അത്രപെട്ടെന്ന് തകര്‍ന്ന് വീഴുന്നതല്ല എന്ന വിലയിരുത്തല്‍ സ്വയമേ നടത്തിയാല്‍ പ്രധാന ദ്രാവിഡപ്പാര്‍ട്ടിയായ അണ്ണാഡിഎംകെയെ ഭാവിയില്‍ അത് സഹായിക്കും.

kamal rajani

തമിഴ് ജനത സിനിമാക്കാരെ സ്വീകരിച്ചത് സിനിമ കണ്ട് മാത്രമല്ല

ഡിഎംകെയേക്കാള്‍ വാര്‍ത്തകളില്‍ കമലും രജനിയും നിറഞ്ഞ് നിന്ന കാലമുണ്ടായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍. രജനി ഒരു രാഷ്ട്രീയ സുനാമിയായി ആഞ്ഞടിക്കാന്‍ പോകുന്നുവെന്ന വിലയിരുത്തലുകള്‍ കൊണ്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ കേരളത്തില്‍ പോലും പടര്‍ന്ന സമയം. യഥാര്‍ത്ഥത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം തമിഴ് ജനത സിനിമാക്കാരെ സ്വീകരിച്ചത് അവരുടെ സിനിമ കണ്ട് മാത്രമല്ല. അവരുടെ നിലപാട് എന്താണ് എന്ന് നോക്കിയും വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണോ എന്ന് പരിശോധിച്ചുമാണ്. അണ്ണാ ദുരൈയും കരുണാനിധിയും നാടകവും സിനിമയുമായെല്ലാം അടുത്ത് നിന്നവരാണ്. കരുമാനിധിയുടെ നാടക തിരക്കഥകളും സിനിമാക്കഥകളും തമിഴരുടെ സിരകളില്‍ തീപടര്‍ത്തിയതാണ്. ആ തീയില്‍ അഭിനയത്തിന്റെ സാധ്യതകള്‍ കൂടി ചേര്‍ത്ത എംജിആര്‍ വലിയ മനുഷ്യ സ്നേഹിയായിരുന്നു. തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ ആദ്യമായി ഉച്ച ഭക്ഷണം വിതരണം ചെയ്ത മുഖ്യമന്ത്രി എംജിആര്‍ കുഞ്ഞുങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രമുണ്ട്. ആ പ്രവൃത്തിയ്ക്ക് ഒരു രാഷ്ട്രീയവുമുണ്ട്. അതേ രാഷ്ട്രീം തന്നെയാണ് എംജിആര്‍ തുടക്കം മുതലേ പിന്തുടര്‍ന്നത്. അഭിനയത്തിന്റെ പടവുകള്‍ ചവിട്ടുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകനായ അദ്ദേഹം പിന്നീട് എംഎല്‍എയായി. അതിന് ശേഷമാണ് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്. അത് പ്രത്യേക സാഹചര്യത്തിലും. അല്ലാതെ കുറച്ച് കാലം അഭിനയിച്ച് നല്ല പേര് നേടി, ജനങ്ങളുടെ രക്ഷകനാകുന്ന കുറേ സിനിമകള്‍ ചെയ്ത് ഇനി രാഷ്ട്രീയത്തില്‍ ഒരു ഭാഗ്യ പരീക്ഷണം നടത്താം, മുഖ്യമന്ത്രിയായി നാടു ഭരിക്കാം എന്ന് കരുതി ഒരു ദിവസം പെടുന്നനേ വന്നതല്ല. അടിസ്ഥാനം ജനങ്ങളാണ്. ജനങ്ങളാണ് രാജാക്കന്‍മാര്‍ എന്ന് മനസ്സിലാക്കുക എന്നതാണ്.

എന്നാല്‍ രജനിയുടെ കാര്യത്തില്‍ നടന്നതെന്താണ്? ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാട്ടില്‍, ആദ്ധ്യാത്മിക രാഷ്ടീയമാണ് തന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് തുടങ്ങി രജനി. ബിജെപിയുടെ പദ്ധതിയുടെ ഭാഗമായാണ് രജനി രാഷ്ട്രീയത്തിലേക്ക് വരുന്നത് എന്ന ആക്ഷേപം ഉയര്‍ന്നു. അതിനു ശേഷം ജനങ്ങളെ നേരിട്ട് ബാധിച്ച നിരവധി സംഭവങ്ങളുണ്ടായി. തൂത്തുക്കുടി വെടിവെപ്പായിരുന്നു പ്രധാനപ്പെട്ടത്. അന്ന് സമരക്കാര്‍ക്കെതിരായി രജനി നടത്തിയ പരാമര്‍ശം വലിയ എതിര്‍പ്പുയര്‍ത്തി. പിന്നീട് ചെന്നൈ-സേലം എട്ടു വരിപ്പാതയ്ക്കെതിരെ ജനങ്ങള്‍ സമരം ചെയ്തപ്പോഴും രജനി സര്‍ക്കാരുകള്‍ക്ക് വേണ്ടി വാദിച്ചു. ജനകീയ വിഷയങ്ങളില്‍ ജനങ്ങളോടൊപ്പം രജനി നിന്നത് സിനിമയില്‍ മാത്രമാണ് എന്ന സ്ഥിതിയാണ്. ഒടുവില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തന്റെ സ്വാധീനം എത്രയാകും എന്ന് സ്വയം മനസ്സിലാക്കിയാണ് രജനി പിന്‍മാറ്റം പ്രഖ്യാപിച്ചത്. പുറത്ത് പറഞ്ഞപോലെ ആരോഗ്യ കാരണങ്ങള്‍ മാത്രമല്ല വിഷയം.

കമലിന്റെ കാര്യം കുറച്ച് കൂടി വ്യത്യസ്തമാണ്. ജനകീയ വിഷയങ്ങലില്‍ ട്വിറ്ററിലൂടെയെങ്കിലും ഇടപെട്ട് സംസാരിക്കാറുണ്ട്. എന്നാല്‍ രണ്ട് സീറ്റിലെങ്കിലും ജയിക്കുകയും പത്ത് ശതമാനം വോട്ട് നേടുകയുമെന്ന ലക്ഷ്യം അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. കോയമ്പത്തൂര്‍ സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനോട് ചെറിയ വോട്ടിന് പരാജയപ്പെടേണ്ടി വന്നു. പ്രതീക്ഷിച്ച സീറ്റുകളിലൊന്നും മുന്നേറ്റം സാധ്യമായില്ല. പാര്‍ട്ടിയുടെ മുന്നോട്ട് പോക്ക് ചോദ്യചിഹ്നമാണ്.

ശശികലയ്ക്കും ദിനകരനും കാര്യങ്ങള്‍ എളുപ്പമാകില്ല

അണ്ണാ ഡിഎംകെ ആകെ തകര്‍ന്നു പോയിരുന്നു തിരഞ്ഞെടുപ്പിലെങ്കില്‍ അത് ശശികലയ്ക്കുള്ള സാധ്യതയായി പരിണമിയ്ക്കുമായിരുന്നു. എന്നാല്‍ അതല്ല സാഹചര്യം. തിരിച്ചടിയേറ്റെങ്കിലും പിടിച്ച് നിന്നു. പളനിസ്വാമിയ്ക്ക് മുന്നില്‍ ഇനിയും തിരിച്ചു വരവിനുള്ള സാധ്യതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പളനിസ്വാമിയില്‍ വിശ്വാസുമുണ്ട്. അണ്ണാ ഡിഎംകെയുടെ ഉള്‍പ്പാര്‍ട്ടി സാഹചര്യം ഇനിയും മാറ്റങ്ങള്‍ക്ക് വിധേയമാകും. പക്ഷേ ശശികലയ്ക്കും ദിനകരനും കാര്യങ്ങള്‍ എളുപ്പമാകില്ല. വോട്ട് ഭിന്നിപ്പിച്ചെങ്കിലും മത്സരിച്ച ഒരിടത്തും വിജയിക്കാന്‍ കഴിയാത്തത് ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന് വലിയ തിരിച്ചടി തന്നെയാണ്.

തമിഴ്നാട് കക്ഷിനില

ഡിഎംകെ സഖ്യം   159
ഡിഎംകെ  133
കോണ്‍ഗ്രസ്   18
സിപിഎം  2
സിപിഐ  2
വിസികെ  4

 

അണ്ണാ ഡിഎംകെ സഖ്യം  75
അണ്ണാ ഡിഎംകെ - 66  
പിഎംകെ - 5  
ബിജെപി - 4  

നാം തമിഴര്‍ കക്ഷി - 0
മക്കള്‍ നീതി മയ്യം - 0
അമ്മാ മക്കള്‍ മുന്നേറ്റ കഴകം - 0