ചെന്നൈ: തമിഴ്നാട്ടില്‍ 156 സീറ്റുകള്‍ നേടി ഡി.എം.കെ. വിജയത്തിലേക്ക്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മതിയെങ്കിലും ഡി.എം.കെ. 156 സീറ്റോടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2016-നേതിനേക്കാള്‍ 50-ലധികം സീറ്റുകളിലാണ് ഡി.എം.കെ. മുന്നിട്ടു നിൽക്കുന്നത്. 50-ലധികം സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ട് എ.ഐ.എ.ഡി.എം.കെ. 78 സീറ്റുകളിലൊതുങ്ങി. സ്റ്റാലിനാണ് ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.  നിലവില്‍ 20,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. സ്റ്റാലിന്റെ ഹാട്രിക് വിജയമാണ് ഇത്തവണ കൊളത്തൂര്‍ മണ്ഡലം സാക്ഷ്യം വഹിച്ചത്. 

കോൺഗ്രസ്സും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരിച്ച 25 സീറ്റിൽ 16 സീറ്റിലും കോൺഗ്രസ്സ് മുന്നിലെത്തി. സി.പി.ഐയും സി.പി.എമ്മും ആറ് സീറ്റിൽ വീതം മത്സരിച്ചു. രണ്ട് സീറ്റിൽ വീതമാണ് ഇരുപാർട്ടികളും ജയിച്ചത്.ബി.ജെ.പി. നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് മണ്ഡലത്തിൽ നിന്ന് 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നിട്ടു നിൽക്കുന്നത്.

നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 154 സീറ്റുകളില്‍ മത്സരിച്ച കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ഒട്ടും ശോഭിക്കാനായില്ല. കമല്‍ഹാസനാണ് എം.എന്‍.എം. പാർട്ടിയില്‍ നിന്ന് മത്സരിച്ച് ഇ‍ഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചത്. കൗണ്ടിങ്ങിലെ പല സന്ദർഭങ്ങളിലും അദ്ദേഹം മുന്നിട്ടു നിന്നു.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്നതാണ് ഡി.എം.കെയുടെ ജയം.  10 വര്‍ഷത്തിനു ശേഷമാണ് ഡി.എം.കെ.  അധികാരത്തില്‍ തിരിച്ചെത്തുന്നത്. 

content highlights: Tamilnadu assembly election 2021 result