ചെന്നൈ : അണ്ണാ ഡിഎംകെ മന്ത്രിമാരും ഡിഎംകെയുടെ പ്രവര്‍ത്തകരും തമ്മിലാണ് പോരാട്ടം എന്ന് പ്രഖ്യാപിച്ച് ഡിഎംകെ സ്ഥാനാര്‍ത്ഥിപ്പട്ടിക എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. മകന്‍ ഉദയനിധി സ്റ്റാലിന്‍ ചെന്നൈ ചെപ്പോക്കില്‍ നിന്ന് മത്സരിക്കും.

മുന്‍ മന്ത്രിമാര്‍ക്കും സിറ്റിങ് എംഎല്‍എമാര്‍ക്കുമെല്ലാം പരിഗണന നല്‍കിയാണ് ഡിഎംകെയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക. അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധിസ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷം സ്റ്റാലിന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും പട്ടികയില്‍ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാര്‍ത്ഥികളില്‍ 13 വനിതകളെ മാത്രമേ പരിഗണിച്ചുള്ളു. 

ഉദയനിധി സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിലൂടെ കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയും ജനവിധി തേടുകയാണ്. കരുണാനിധി മൂന്ന് തവണ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് ഉദയനിധിക്ക് നല്‍കിയ ചെപ്പോക്ക്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ നേരിടാന്‍ സമ്പത്ത് കുമാര്‍, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനെതിരെ മുന്‍ അണ്ണാ ഡിഎംകെ എംഎല്‍എ തങ്കത്തമിഴ് സെല്‍വന്‍ എന്നിവരാണുള്ളത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പലതവണ അധികാരത്തിലുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ഡിഎംകെയ്ക്ക് കഴിഞ്ഞിരുന്നില്ല. മറ്റ് പാര്‍ട്ടികളിലേതുള്‍പ്പെടെ 187 പേര്‍ ഡിഎംകെയുടെ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ഒറ്റയ്ക്ക് അധികാരത്തിലേറലാണ് സ്റ്റാലിന്റെ ലക്ഷ്യം.

CONTENT HIGHLIGHTS: Tamilnadu assembly election 2021, DMK Candidate list