സംഭവബഹുലമായ അഞ്ചുവര്‍ഷത്തിനുശേഷം തമിഴ്നാട്ടിലെ ജനങ്ങള്‍ വിധിയെഴുതി. അഭിപ്രായസര്‍വേകള്‍ ഡി.എം.കെ.യ്ക്ക് മുന്‍തൂക്കം നല്‍കുന്നു; അതിനര്‍ഥം എ.ഐ.എ.ഡി.എം.കെ. തളരുമെന്നല്ല. പത്തുവര്‍ഷമായി കൈവിട്ട ഭരണം തിരികെപിടിക്കാനാവുമെന്നാണ് ഡി.എം.കെ.യുടെ പ്രതീക്ഷ. ഭരണത്തുടര്‍ച്ചയാണ് എ.ഐ.എ.ഡി.എം.കെ.യുടെ ലക്ഷ്യം. തോറ്റാലും ജയിച്ചാലും ഇരുപക്ഷത്തും മുഖ്യമന്ത്രി റെഡി. എ.ഐ.എ.ഡി.എം.കെ. പളനിസ്വാമിക്ക് രണ്ടാമൂഴം നല്‍കും. ഡി.എം.കെ.യില്‍ എം.കെ. സ്റ്റാലിന് കന്നി ഊഴമാകും.

പളനിസ്വാമി മുഖ്യമന്ത്രിയായാല്‍ പാര്‍ട്ടിയില്‍ വീണ്ടും അസ്വാരസ്യം തലപൊക്കാന്‍ സാധ്യതയുണ്ട്. ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇതിന് വിത്തുപാകുമെന്നാണ് സൂചന. ജയലളിതയ്ക്കുപകരക്കാരനായി മുഖ്യമന്ത്രിയായി, ഇടയില്‍നിന്ന് ഇറങ്ങിപ്പോയതിന്റെ അപമാനഭാരം പേറിനടക്കുന്ന നേതാവാണ് ഒ.പി.എസ്. സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ജ്യേഷ്ഠസഹോദരന്‍ എം.കെ. അഴഗിരിയായിരിക്കും ചിലപ്പോള്‍ വാളെടുത്ത് രംഗത്തെത്തുക.

സമ്മാനപ്പെരുമഴ സ്വാധീനിക്കുമോ

തമിഴ്നാട്ടില്‍ 234 നിയമസഭാമണ്ഡലങ്ങളും 6.29 കോടി വോട്ടര്‍മാരുമുണ്ട്. 72 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ രണ്ടുശതമാനം കുറവാണിത്. എ.ഐ.എ.ഡി.എം.കെ.യുടെയും ഡി.എം.കെ.യുടെയും നേതൃത്വത്തിലുള്ള മുന്നണികളായിരുന്നു പ്രധാന എതിരാളികള്‍. എ.ഐ.എ.ഡി.എം.കെ.യില്‍ ബി.ജെ.പി., പി.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ സഖ്യകക്ഷികളായി. ഡി.എം.കെ.യോടൊപ്പം കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. എന്നിവ നിലയുറപ്പിച്ചു. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം 144 ഇടങ്ങളില്‍ മത്സരിച്ചു. സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവ ഘടകകക്ഷികള്‍. ടി.ടി.വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും വിജയകാന്തിന്റെ ഡി.എം.ഡി.കെ.യെ ഒപ്പംകൂട്ടി പോരിനിറങ്ങി.

2016-ലെ തിരഞ്ഞെടുപ്പില്‍ 136 സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെ. ജയിച്ചു. ഡി.എം.കെ. 98 സീറ്റുകള്‍ സ്വന്തമാക്കി.

മുന്‍മുഖ്യമന്ത്രിമാരായ ജയലളിതയുടെയും കരുണാനിധിയുടെയും അഭാവത്തില്‍ നടക്കുന്ന ആദ്യ നിയമസഭാതിരഞ്ഞെടുപ്പാണിത്. എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും വോട്ടര്‍മാരെ പാട്ടിലാക്കാന്‍ ഒട്ടേറെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്.

പരാതികളില്ലാതെ എടപ്പാടിസര്‍ക്കാര്‍

മുഖ്യമന്ത്രി പളനിസ്വാമിയുടെ ഭരണത്തില്‍ നല്ലൊരുവിഭാഗം ജനങ്ങളും സംതൃപ്തരാണ്. എ.ഐ.എ.ഡി.എം.കെ. വിരോധികള്‍പോലും ഭരണത്തെ കുറ്റംപറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത് വോട്ടായിമാറിയിട്ടുണ്ടോ എന്ന് കണ്ടറിയണം. ബി.ജെ.പി.യെ സഖ്യത്തില്‍ ചേര്‍ത്തത് വലിയ മണ്ടത്തരമാണെന്ന് അഭിപ്രായമുണ്ട്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ജയലളിതയോടുള്ള സ്‌നേഹംകൊണ്ട് എ.ഐ.എ.ഡി.എം.കെ.യ്ക്ക് വോട്ടുചെയ്യാന്‍ താത്പര്യപ്പെടുന്ന നല്ലൊരുശതമാനം സ്ത്രീകളുണ്ട്.

മുഖ്യമന്ത്രി പ്രതീക്ഷയില്‍ സ്റ്റാലിന്‍

സ്റ്റാലിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമുള്‍പ്പെടെ 13 കക്ഷികളുള്‍പ്പെടുന്ന മതനിരപേക്ഷ- പുരോഗമനസഖ്യത്തെ നയിക്കുന്ന സ്റ്റാലിന് വെല്ലുവിളികളും ഏറെയാണ്. ഡി.എം.കെ. മുന്‍ഭരണകാലത്തെ അഴിമതികളും ക്രമസമാധാനത്തകര്‍ച്ചയും ജനങ്ങള്‍ മറന്നിട്ടില്ല. തിരഞ്ഞെടുപ്പുതോല്‍വി ഡി.എം.കെ.യ്‌ക്കോ സ്റ്റാലിനോ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അതിനാല്‍ വിജയം നേടാന്‍ ഡി.എം.കെ. കൊണ്ടുപിടിച്ചുപണിയെടുത്തു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയം ആത്മധൈര്യത്തിന്റെ അടയാളമായി മുന്നിലുണ്ടെങ്കിലും എ.ഐ.എ.ഡി.എം.കെ. തളര്‍ന്നുവീണില്ല എന്നതാണ് ഡി.എം.കെ.യെ ഭയപ്പാടിലാക്കുന്നത്.

എടപ്പാടി പളനിസ്വാമിയുടെ വളര്‍ച്ചയും ജനപിന്തുണയും സ്റ്റാലിനെ ആശങ്കയിലാക്കുന്നു. മാത്രമല്ല, ഡി.എം.കെ പരാജയപ്പെടുകയാണെങ്കില്‍ എല്ലാകുറ്റവും സ്റ്റാലിന്റെ തലയില്‍ കെട്ടിവെക്കാന്‍ പാര്‍ട്ടിനേതൃത്വം ശ്രമിക്കും. സഖ്യകക്ഷികളുടെയും സ്ഥിതി ഇതാവും. 2016-ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ ഡി.എം.കെ. 25 ഇടങ്ങള്‍മാത്രമാണ് നല്‍കിയത്. സി.പി.ഐ.യും സി.പി.എമ്മും ആറുസീറ്റുകളിലും മത്സരിക്കുന്നു. തങ്ങള്‍ക്ക് സീറ്റുകുറച്ചതില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ട്. പരാജയപ്പെട്ടാലായിരിക്കും ഇത് ഡി.എം.കെ.യ്ക്കുനേരെ വാളുപോലെ വരുക.

കമല്‍ എത്രകൊയ്യും

മക്കള്‍ നീതി മയ്യത്തില്‍നിന്ന് ആരെങ്കിലും വിജയിക്കുകയാണെങ്കില്‍ അത് കമല്‍ മാത്രമായിരിക്കാനാണ് സാധ്യത. എങ്കിലും പാര്‍ട്ടിക്ക് കുറെ വോട്ടുകള്‍ വിഴുങ്ങാന്‍ സാധിക്കും. മക്കള്‍ നീതി മയ്യവും സീമാന്റെ നാം തമിഴര്‍ കക്ഷിയുമായിരിക്കും ഇത്തവണ കൂടുതലും വോട്ടുവിഴുങ്ങുന്ന പാര്‍ട്ടികള്‍. തെക്കന്‍ തമിഴ്നാട്ടില്‍ ടി.ടി.വി. ദിനകരനും സ്വാധീനംചെലുത്തും. സംസ്ഥാനത്തെ മൂന്നാമത്തെ വലിയപാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യമെന്ന് കമല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. സീമാന്റെ നാം തമിഴര്‍ കക്ഷി തമിഴ് ദേശീയത ഉയര്‍ത്തിപ്പിടിച്ചാണ് രംഗത്തുള്ളത്. ടി.ടി.വി. ദിനകരന്റെ രാഷ്ട്രീയഭാവികൂടി അളക്കുന്ന സമയമാണിത്. അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ കോവില്‍പ്പെട്ടിയിലെ സ്ഥാനാര്‍ഥികൂടിയാണ് ദിനകരന്‍.

content highlights: Tamilnadu assembly Election 2021