ചെന്നൈ: പത്തുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഡി.എം.കെ. അധികാരത്തിലെത്തുമ്പോള്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം.കെ. സ്റ്റാലിന്റെ കൈകളിലായിരിക്കും തമിഴകത്തിന്റെ ഭരണചക്രം.

മുഖ്യമന്ത്രിപദവി സ്റ്റാലിന്റെ ചിരകാലസ്വപ്നമായിരുന്നു. ഇതു യാഥാര്‍ഥ്യമാകാന്‍ കാത്തിരുന്നത് നാലരപ്പതിറ്റാണ്ട്. 1966-ല്‍ ഡി.എം.കെ. യുവജന വിഭാഗം രൂപവത്കരണ സമിതി അംഗമായി രാഷ്ട്രീയപ്രവേശം. 1974-ല്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗത്വം. 1976-ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയതിന് ജയില്‍വാസം. 1983-ല്‍ ഡി.എം.കെ. യുവജന വിഭാഗം സെക്രട്ടറി. തുടര്‍ന്നങ്ങോട്ടാണ് സ്റ്റാലിന്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുന്നത്.

1989-ല്‍ ചെന്നൈ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1996-ലും 2001-ലും 2006-ലും വിജയം ആവര്‍ത്തിച്ചു. 2011- ലും 2016- ലും കൊളത്തൂര്‍ മണ്ഡലത്തില്‍നിന്നും വിജയം. ഇതേ മണ്ഡലമാണ് ഇപ്പോഴും തുണച്ചത്. ഈ വിജയത്തിലൂടെ സെയ്ന്റ് ജോര്‍ജ് കോട്ടയിലെ അധികാരക്കസേരയിലേക്കാണ് യാത്ര.

ക്ഷമയായിരുന്നു സ്റ്റാലിന്റെ ആയുധം. രാഷ്ട്രീയത്തില്‍ കഴിവു തെളിയിച്ചിട്ടും പിതാവിന്റെ നിഴലായി നിന്നിട്ടും 2006 -ല്‍ 53-ാം വയസ്സില്‍ മാത്രമാണ് സ്റ്റാലിനെത്തേടി മന്ത്രിപദവിയെത്തുന്നത്. 2009- ല്‍ കരുണാനിധി മന്ത്രിസഭയ്ക്കു കീഴില്‍ ഉപമുഖ്യമന്ത്രിയായി. 1996-മുതല്‍ 2001- വരെ ചെന്നൈ മേയറായിരുന്നു. 2001 ല്‍ വീണ്ടും മേയറായി. ഒരാള്‍ക്ക് ഒരേസമയം എം.എല്‍.എയും മേയറുമാകാന്‍ കഴിയില്ലെന്ന ജയലളിത സര്‍ക്കാരിന്റെ നിയമംകാരണം സ്ഥാനം ഒഴിയേണ്ടി വന്നു.

ഡി.എം.കെ. ഖജാന്‍ജി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സ്റ്റാലിന്‍ ജയലളിതയ്ക്കുമുമ്പ് രാഷ്ട്രീയത്തിലെത്തിയതാണ്. ജയലളിത അഞ്ചുവട്ടം മുഖ്യമന്ത്രിയായപ്പോഴും അധികാരത്തിന്റെ ഉന്നതിയിലെത്താന്‍ സ്റ്റാലിനു സാധിച്ചില്ല. സ്വന്തം മകനായാല്‍പ്പോലും താന്‍ ജീവിച്ചിരിക്കെ ഡി.എം.കെയില്‍ മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കരുതെന്ന കടുത്ത നിലപാടിലായിരുന്നു കരുണാനിധി. 2018- ഓഗസ്റ്റ് ഏഴിന് കരുണാനിധി അന്തരിച്ചതിനുശേഷം സെപ്റ്റംബര്‍ 28-നാണ് സ്റ്റാലിന്‍ ഡി.എം.കെ. അധ്യക്ഷനാവുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയമായിരുന്നു. ഈ അവസരത്തിലാണ് സ്റ്റാലിന്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നത്. ജനസമ്പര്‍ക്ക യാത്രകളുമായി സാധാരണ ജനങ്ങളെ ഡി.എം.കെയുമായി കൂടുതലടുപ്പിച്ചു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 39 ല്‍ 38 സീറ്റുകള്‍ നേടി ഡി.എം.കെ വന്‍വിജയം നേടി. സ്റ്റാലിന്റെ നേതൃപാടവം വീണ്ടും വാഴ്ത്തപ്പെട്ടു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഡി.എം.കെയെ വിജയത്തിലെത്തിച്ചു.

1953- മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനോടുള്ള കടുത്ത ആരാധനകാരണമാണ് കരുണാനിധി മകന് സ്റ്റാലിന്‍ എന്നു പേരിട്ടത്. ബിരുദധാരിയാണ്. ദുര്‍ഗയാണ് ഭാര്യ. ഉദയനിധിയും സെന്താമരയും മക്കളാണ്.

content highlights: Stalin is the leader of Tamilnadu