ചെന്നൈ : തിരഞ്ഞെടുപ്പ് അടുക്കുന്തോറും വെല്ലുവിളികളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കളം നിറയുകയാണ് തമിഴ്‌നാട്. ഡിഎംകെയുടെ പ്രകടന പത്രിക കോപ്പിയടിച്ചാണ് അണ്ണാ ഡിഎംകെ പ്രകടന പത്രികയുണ്ടാക്കിയതെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. ഡിഎംകെ കോര്‍പ്പറേറ്റ് കമ്പനിയാണെന്ന് പളനി സ്വാമി തിരിച്ചടിച്ചു.

മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ പേരെടുത്ത് വിമര്‍ശിച്ചാണ് സ്റ്റാലിന്റെ പ്രചാരണം. ജയലളിതയുടെ മരണത്തിന് കാരണം സ്റ്റാലിനും കലൈഞ്ജറുമാണെന്ന് പളനി സ്വാമി കളവ് പ്രചരിപ്പിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കുവെന്നും നിയമപരമായി നേരിടാമെന്നും സ്റ്റാലിന്‍ വെല്ലുവിളിച്ചു.

തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല എന്നറിയാവുന്ന അണ്ണാ ഡിഎംകെയ്ക്ക് ഓരോ ആള്‍ക്കും വിമാനമോ ഹെലിക്കോപ്റ്ററോ നല്‍കുമെന്നു വരെ വാഗ്ദാനം ചെയ്യാമെന്നും സ്റ്റാലിന്‍ പരിഹസിച്ചു.

ഡിഎംകെയെ കോര്‍പ്പറേറ്റ് കമ്പനിയെന്ന് വിളിച്ചാണ് പളനി സ്വാമി സ്റ്റാലിന് മറുപടി നല്‍കിയത്. വികസനവും മുഖ്യമന്ത്രി ചര്‍ച്ചയാക്കുന്നുണ്ട്.

സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തിലേക്കും പളനിസ്വാമി എടപ്പാടി മണ്ഡലത്തിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇരുവരും സംസ്ഥാന പര്യടനം ഇന്നാരംഭിക്കും.

content highlights: Stalin Criticises AIADMK for copying their election manifesto