ചെന്നൈ: തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശശികലയ്ക്ക് അനുകൂലമായ നിലപാടുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. പാര്‍ട്ടിയിലെ ജനാധിപത്യ സംവിധാനം അംഗീകരിച്ചാല്‍ ശശികലയെ തിരിച്ചെടുക്കുന്നത് ആലോചിക്കും. ശശികലയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

ശശികലയോട് ആഭിമുഖ്യമുള്ള തേവര്‍ വിഭാഗക്കാര്‍ തെക്കന്‍ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ അടിത്തറയിളക്കും എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന. "ശശികലയുമായി തനിയ്ക്ക് നേരത്തേ മുതലേ പ്രശ്നമില്ല. ജയലളിത മരണപ്പെട്ട ശേഷം ശശികലയ്ക്കെതിരെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു തന്റെ ആവശ്യം. നിരപരാധിയായി അവരെ കണ്ടെത്തിയാല്‍ ആ സംശയം ഇല്ലാതാകുമല്ലോ എന്നാണ് നേരത്തേ ഉദ്ദേശിച്ചത്", പനീര്‍ശെല്‍വം പറഞ്ഞു.

32 വര്‍ഷം ജയലളിതയോടൊപ്പമുണ്ടായിരുന്ന ശശികല ഒരു പാട് നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ മനസില്‍ ഉണ്ട്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ പളനിസ്വാമിയുടെ കൂടി അഭിപ്രായം പറയേണ്ടതുണ്ട് എന്നുകൂടി സൂചിപ്പിച്ചു പനീര്‍ശെല്‍വം. എന്നാല്‍ ശശികലയ്ക്കും ടി.ടി.വി ദിനകരനുമെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉന്നയിച്ചത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വലിയ പരാജയം നേരിട്ടാല്‍ ശശികല പാര്‍ട്ടിയില്‍ തിരികെയെത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലുള്ള പനീര്‍ശെല്‍വത്തിന്റെ പ്രസ്താവന പളനിസ്വാമിക്കെതിരായ നീക്കമായിക്കൂടി വിലയിരുത്തപ്പെടുന്നു.

പനീര്‍ശെല്‍വം ഇത്തവണയും സ്വന്തം നാടായ തേനിയിലെ ബോഡിനായ്ക്കന്നൂരില്‍ നിന്നാണ് ജനവിധി തേടുന്നത്. നേരത്തേ അണ്ണാ ഡിഎംകെ എംഎല്‍എയായിരുന്ന തങ്കത്തമിഴ്സെല്‍വനെ ഡിഎംകെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മണ്ഡലത്തില്‍ നല്ല മത്സരം നടക്കുന്നുണ്ട്.

Content Highlight: Paneerselvam make conditions for retrieving Sasikala to Party