തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ താര പ്രചാരകയാണ് കനിമൊഴി. കഴിഞ്ഞ നാല് മാസമായി മധ്യ,തെക്കന്‍ തമിഴ്നാട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിയ ദിവസങ്ങളില്‍ കാവേരി നദീതീര ജില്ലകളിലാണ് കനിമൊഴിയുടെ പ്രചാരണം. അച്ഛന്‍ കരുണാനിധി ജനിച്ച് വളര്‍ന്ന തിരുവാരൂരില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തിയ ദിവസം പ്രചാരണ വാഹനത്തില്‍ ഒപ്പം സഞ്ചരിച്ച് കനിമൊഴിയുമായി അനൂപ് ദാസ് നടത്തിയ അഭിമുഖം

നാല് മാസമായി തമിഴ്നാടിന്റെ പലഭാഗത്തും പ്രചാരണം നടത്തിയിട്ടുണ്ട് താങ്കള്‍. അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ച് എന്താണ് ആളുകളുടെ വിലയിരുത്തല്‍?

10 വര്‍ഷത്തെ അണ്ണാ ഡിഎംകെ ഭരണത്തിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായി നിലനില്‍ക്കുന്നുണ്ട്. അതിനുമപ്പുറം ആളുകള്‍ക്ക് ഒരു വെറുപ്പ് ഉണ്ട്. ആര്‍ക്കും ജോലികിട്ടിയില്ല. ബിജെപി എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കുന്ന ഭരണ കൂടമാണ് ഇവിടുത്തേത്. ബിജെപി ഭരണമാണ്. അടിമ ഭരണം. കര്‍ഷകര്‍ക്കെതിരായ നിയമം, തൊഴിലാളികള്‍ക്കെതിരായ നിയമം, സിഎഎ, ഇതിനെയെല്ലാം അണ്ണാ ഡിഎംകെ പിന്തുണച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതിനെല്ലാം എതിരെ സംസാരിക്കുകയും ചെയ്യുന്നു. ഡിഎംകെയുടെ ഭരണം വീണ്ടും വന്ന് കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. വികസന കാര്യത്തില്‍ വളരെ പിന്നിലാണ് ഇപ്പോള്‍ തമിഴ്നാടിന്റെ സ്ഥാനം. 23 ലക്ഷം യുവാക്കള്‍ തൊഴിലിനായി കഷ്ടപ്പെടുന്നു. പത്ത് വര്‍ഷമായി നിക്ഷേപങ്ങള്‍ വരുന്നില്ല. കലൈജ്ഞറുടെ ഭരണകാലത്ത് നിക്ഷേപത്തിന്റെ കാര്യത്തില്‍ തമിഴ്നാട് മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ പതിന്നാലാം സ്ഥാനത്താണ്. പുരോഗതിയുടെ എല്ലാ സൂചികയിലും തമിഴ്നാട് പിന്നാക്കം പോയി. ക്ഷേമ കാര്യത്തിലും പിന്നാലായി. ഇതെല്ലാം കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരാണ്. അവര് മാറ്റം ആഗ്രഹിക്കുന്നു.

വീട്ടമ്മമാര്‍ക്ക് മാസം ആയിരം രൂപ, കോവിഡ് സഹായമായി നാലായിരം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങല്‍ ജനങ്ങള്‍ക്ക് നല്‍കിയാണ് ഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും എന്ന ഉറപ്പ് കൂടി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമോ?

എല്ലാ വീട്ടിലും കളര്‍ ടി.വി നല്‍കും എന്ന വാഗ്ദാനത്തോടെ നേരത്തേ കലൈജ്ഞര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. അത് നടക്കാന്‍ പോകുന്നില്ല എന്നാണ് അന്ന് പലരും പറഞ്ഞത്. 15 വര്‍ഷം മുന്‍പ് കൊടുത്ത ടി.വി ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുവെന്നാണ് പ്രചാരണത്തിനായി പലയിടത്തും പോയപ്പോള്‍ ജനങ്ങള്‍ പറഞ്ഞത്. ഗ്യാസ് സറ്റൗ കൊടുത്തു, കാര്‍ഷിക കടം 7000 കോടി രൂപ എഴുതിത്തള്ളുമെന്ന് പറഞ്ഞു, അത് ചെയ്തു. ഡിഎംകെ പറഞ്ഞാല്‍ അത് ചെയ്യും എന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് അവര്‍ ഞങ്ങളെ സ്വീകരിക്കും.

അഴിമതി ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണോ, വോട്ടിനെ സ്വാധീനിക്കുമോ? മന്ത്രിമാര്‍ക്കെതിരെ ഡിഎംകെ ആരോപണം ഉന്നയിക്കുന്നുണ്ട്.

ഈ സര്‍ക്കാരിന്റെ എല്ലാ വഴിയിലും അഴിമതിയാണ്. 1500 രൂപയുടെ എല്‍ഇഡി ബള്‍ബ് 6000 രൂപ കൊടുത്ത് വാങ്ങിയെന്ന് ബില്ലെഴുതി തങ്കമണി മന്ത്രി. കമ്മീഷന്‍ ചെയ്യാത്ത കാറ്റാടിപ്പാടത്ത് നിന്ന് വൈദ്യുതി വാങ്ങി എന്ന് ബില്ലുണ്ടാക്കി. ജലാശയങ്ങല്‍ വൃത്തിയാക്കുമെന്ന് മുഖ്യമന്ത്രി നിരന്തരം പറഞ്ഞിരുന്നു. പക്ഷേ, അത് ചെയ്തില്ല. എന്നാല്‍ കണക്കെഴുതി പണമെടുത്തു. അടിസ്ഥാന ആവശ്യങ്ങള്‍ ജനങ്ങള്‍ക്ക് നിറവേറ്റി നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. റോഡുകള്‍ തകര്‍ന്ന് കിടക്കുന്നു. രാജ്യത്തിന് മാതൃകയായ റേഷന്‍ സംവിധാനമായിരുന്നു ഞങ്ങളുടേത്, അത് തകര്‍ത്തു. ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. ജനങ്ങള്‍ വലിയ ദേഷ്യത്തിലാണ്. കാരണം ആ അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം ജനങ്ങളെ നേരിട്ട് ബാധിക്കുന്നു എന്നത് തന്നെ. ഇതെല്ലാം മനസ്സിലാക്കി അവര്‍ വോട്ട് ചെയ്യും.

നിങ്ങള്‍ അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ അണ്ണാ ഡിഎംകെ തിരിച്ച് ചോദിക്കുന്നത് 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചാണ്. എങ്ങനെയാണ് ആ ആരോപണത്തെ മറികടക്കാന്‍ കഴിയുക.?

2ജി കേസ് വിചാരണാ സമയത്ത് ഒരു ദിവസം പോലും മാറ്റിവെക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. അതില്‍ കഴമ്പില്ല എന്ന് കണ്ട് കോടതി ഞങ്ങളെ വെറുതെവിട്ടു. പക്ഷേ, അണ്ണാ ഡിഎംകെ നേതാവായ ജയലളിതയെ കോടതി അഴിമതിക്കേസില്‍ ശക്ഷിച്ചു. ശശികലയെ ശിക്ഷിച്ചു. അവര്‍ക്ക് എന്ത് അധികാരമാണ് അഴിമതിയെക്കുറിച്ച് പറയാനുള്ളത്.

പനീര്‍സെല്‍വം, പളനിസ്വാമി ഇവര്‍ക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളും കേസുകളുമെല്ലാമുണ്ട്. പക്ഷേ അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുന്നില്ല.

ബിജെപി എന്ത് പറഞ്ഞാലും ചെയ്യാന്‍ തയ്യാറായവരാണ് അവര്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലെല്ലാം ബിജെപി സഹായിക്കുന്നുമുണ്ട്. ഒരാള്‍ക്കെതിരെ കേസോ നിയമനടപടിയോ വന്നാല്‍ അയാള്‍ ബിജെപിയില്‍ ചേരുന്നതോടെ കേസുകള്‍ ഇല്ലാതാവുന്ന സാഹചര്യമാണല്ലൊ ഇവിടെയുള്ളത്.

ബിജെപി തമിഴ്നാട്ടിലേക്ക് കടന്നു വരവിന് ശ്രമിക്കുകയാണ്. മുരുകനെ ഉയര്‍ത്തിപ്പിടിച്ചാണ് പ്രചാരണം.

ഇത്രയും കാലം മുരുകന്‍ ഇവിടെയുള്ളത് ബിജെപിയ്ക്ക് അറിയില്ലായിരുന്നോ. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വേല് കയ്യിലെടുത്ത് വന്നിരിക്കുകയാണ്.

ഡിഎംകെ ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്നാണ് ബിജെപി പറയുന്നത്.

ഞങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. ഞങ്ങളില്‍ ക്രിസ്റ്റ്യനും ഹിന്ദുവും മുസ്ലീമും നിരീശ്വരവാദികളും എല്ലാമുണ്ട്. ഞാന്‍ വിശ്വാസിയല്ല, നിരീശ്വരവാദിയാണ്. എന്റെ അച്ഛനും വിശ്വാസി ആയിരുന്നില്ല. വൈവിധ്യമുള്ള നിരവധി പേര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്. ഞങ്ങള്‍ ഒരു മതത്തിനും എതിരല്ല. പക്ഷേ ജാതി-മത വിവേചനങ്ങള്‍ക്ക് എതിരാണ്. സമത്വത്തില്‍ അധിഷ്ടിതമായ ഒരു സാമൂഹ്യ സാഹചര്യം ഉണ്ടാകണം. സമത്വം, സാമൂഹ്യ നീതി അതാണ് ഡിഎംകെയുടെ എന്നത്തേയും ലക്ഷ്യം.

ബിജെപിയുടെ വരവില്‍ പേടിയുള്ളത് കൊണ്ടാണോ ക്ഷേത്രങ്ങള്‍ക്ക് അധികം പണവും തീര്‍ത്ഥയാത്രയ്ക്ക് സഹായവും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത്?

ക്ഷേത്ര സംവിധാനമെല്ലാം കഴിഞ്ഞ പത്ത് വര്‍ഷമായി അണ്ണാ ഡിഎംകെ തകര്‍ത്തിട്ടതാണ്. അത് നേരെയാക്കാന്‍ കുറച്ചധികം പണത്തിന്റെ ആവശ്യമുണ്ട്. ജനങ്ങള്‍ക്ക് എന്തെല്ലാം വേണം എന്നത് ഒരു വിഷയമാണ്. ജനങ്ങള്‍ വിശ്വസിക്കുന്നു. അവര്‍ ക്ഷേത്രത്തില്‍ വരുന്നു. അപ്പോള്‍ അവിടെ സംവിധാനം ഒരുക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് എല്ലാ കാലത്തും ഡിഎംകെ ചെയ്തിട്ടുമുണ്ട്. കലൈജ്ഞര്‍ ഭരണത്തിലുള്ളപ്പോഴും ചെയ്തു. അദ്ദേഹം വിശ്വാസിയല്ലെങ്കിലും ക്ഷേത്രങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു.

ബംഗാളിലൊക്കെ മുകുള്‍ റോയിയെപ്പോലുള്ള നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് ചില കേസുകളുടെ തുടര്‍ച്ചയായാണ്. പുതുച്ചേരിയിലും നമ്മളത് കണ്ടു. ഡിഎംകെ എംഎല്‍എ കു.ക സെല്‍വവും ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീട്ടില്‍ തുടര്‍ച്ചായായി റെയ്ഡുകള്‍ നടക്കുന്നുണ്ട്. ഇത് ഭാവിയില്‍ ഡിഎംകെയില്‍ നിന്ന് ആളുകള്‍ ബിജെപിയില്‍ പോകാന്‍ കാരണമാകില്ലെ?

എത്രയോ പ്രതിസന്ധികളെ അതിജീവിച്ചാണ് ഡിഎംകെ മുന്നോട്ടു പോയത്. ഇപ്പോഴും മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസുകളുണ്ട്. സമരം ചെയ്താല്‍ പോലും കേസെടുക്കും. മന്ത്രിമാരുടെ മണ്ഡലമാണെങ്കില്‍ പ്രത്യേകിച്ച്. ജയിലിനേയും പോരാട്ടങ്ങളേയും എല്ലാം കടന്നാണ് ഡിഎംകെയുടെ യാത്ര. കേസുകളെയൊന്നും ഡിഎംകെയ്ക്ക് ഭയമില്ല.

വലിയ ആള്‍ക്കൂട്ടമുണ്ടല്ലൊ പൊതുയോഗങ്ങളിലെല്ലാം. എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നായിരുന്നു ഈ ചോദ്യം. എത്ര സീറ്റ് കിട്ടും എന്ന് കനിമൊഴി ജനങ്ങളോട് ആരാഞ്ഞു. 234 എന്ന് ജനങ്ങളുടെ മറുപടി.

234 സീറ്റും ഡിഎംകെ സഖ്യം വിജയിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ജനങ്ങളുടെ തീരുമാനമാണ് ജാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വലിയ വിജയം നേടും ദളപതി (സ്റ്റാലിന്‍) മുഖ്യമന്ത്രിയായി തമിഴ്നാടിനെ വീണ്ടെടുക്കും.


ഈ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കെതിരെ അണ്ണാ ഡിഎംകെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം മക്കള്‍ രാഷ്ട്രീയമാണ്. ഉദയാനിധി സ്റ്റാലിന് സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടിയത്. മാത്രമല്ല, ആദിത്യയും രാഷ്ട്രീയത്തിലേയ്ക്ക് വരുമെന്ന് അവര്‍ വിമര്‍ശിക്കുന്നു.

എന്റെ മകന്‍ ആദിത്യ രാഷ്ട്രീയത്തിലേക്കില്ല. അവന്‍ സിംഗപ്പൂര്‍ പൗരനാണ്. അവിടെ ജീവിക്കുന്നു. അണ്ണാഡിഎംകെയ്ക്ക് ഒരു ലോക്സഭാ എംപി മാത്രാമണ് തമിഴ്നാട്ടില്‍ നിന്ന് ഉള്ളത്. അത് ആരാണ്? പനീര്‍സെല്‍വത്തിന്റെ മകന്‍. മന്ത്രി ജയകുമാറിന്റെ മകന്‍ എംപിയായിരുന്നു. ഇത്തവണ തോറ്റു. ബിജെപിയില്‍ നിന്ന് ഒരുപാട് പേര്‍ നേതാക്കന്‍മാരുടെ മക്കള്‍ ആയത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വന്നിട്ടുണ്ട്. ഇപ്പോഴത്തേത് ഡിഎംകെയെ ലക്ഷ്യംവെച്ച് ആസൂത്രിതമായി നടക്കുന്ന ആരോപണമാണ്. ആര്‍ക്ക് വേണമെങ്കിലും രാ,്ട്രീയത്തില്‍ വരാം. പക്ഷേ, അവരെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അത് അവര്‍ തീരുമാനിക്കട്ടെ.

കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 25 സീറ്റേ ഇത്തവണ നല്‍കിയുള്ളു. കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗത്തില്‍ വെച്ച് പൊട്ടിക്കരഞ്ഞെന്ന് പോലും വാര്‍ത്ത പ്രചരിച്ചു. എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് പരിഗണന കുറച്ച് നല്‍കിയത്?

നിങ്ങള്‍ക്ക് കാണാം. പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത്. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയു. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്.

ജാതിക്കെതിരെയുള്ള പോരാട്ടമായാണ് ദ്രാവിഡ കഴകവും പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകവും തമിഴ്നാട്ടില്‍ വളര്‍ന്ന് വന്നത്. പക്ഷേ, ജാതി ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം ഞാന്‍ കാഞ്ചീപുരത്തെ ഇരുളക്കോളനികളില്‍ പോയിരുന്നു. അവിടെ വീടില്ല, വെള്ളമില്ല, വെളിച്ചമില്ല, കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല. എന്തുകൊണ്ടാണ് ഈ ജാതി വ്യവസ്ഥയെ പൊളിച്ച് ഇല്ലാതാക്കാന്‍ ഡിഎംകെ ഇടപെടാത്തത്?

ഉറപ്പായും ഇത്തവണ ഡിഎംകെ അധികാരത്തില്‍ വരുമ്പോള്‍ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കും. സമൂഹത്തില്‍ ആരെല്ലാം പരിഗണിക്കപ്പെടുന്നില്ല എന്ന് മനസ്സിലാക്കി ഇടപെടും. എല്ലാവരേയും പരിഗണിക്കുന്ന സര്‍ക്കാരായിരിക്കും ഡിഎംകെയുടേത്.

കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളാ സര്‍ക്കാരിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്താണ്?

ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്. ദളപതിയുടെ നല്ല സുഹൃത്താണ് പിണറായി വിജയന്‍. എന്നാല്‍ നിങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഞാന്‍ തലയിട്ട് അഭിപ്രായം പറയുന്നില്ല.

ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ മാറിനിന്നതിനെ എങ്ങനെ കാണുന്നു?

കേന്ദ്ര സര്‍ക്കാര്‍ തമിഴരോട് ചെയ്ത ദ്രോഹമാണത്. ഇത്രയധികം രാജ്യങ്ങള്‍ ശ്രീലങ്കയ്ക്കെതിരെ ശബ്ദം ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ മാറി നിന്നു. ലോകത്ത് മുഴുവനുമുള്ള തമിഴരോട് ചെയ്ത ദ്രോഹമാണ്. പ്രധാനമന്ത്രി തിരുക്കുറലിലെ രണ്ട് വരി പറഞ്ഞാല്‍ തമിഴര്‍ക്ക് സുഹൃത്താകില്ല.

ചെന്നൈയിലെ കുറേയേറെ ചായക്കടക്കാരും മലയാളികളും പറയുന്നത് ഡിഎംകെ അധികാരത്തില്‍ വന്നാല്‍ ഗുണ്ടകളുടെ വിളയാട്ടം ആയിരിക്കുമെന്നാണ്. എന്താണ് ഇതിന്റെ അടിസ്ഥാനം. ഈ ചിന്ത മാറ്റാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുക?

ഇത് അണ്ണാ ഡിഎംകെ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയ തെറ്റായ ഇമേജാണ്. നേരത്തേ കലൈജ്ഞറെക്കുറിച്ചും ഇത്തരം തെറ്റായ പ്രചാരണം ഉണ്ടായിരുന്നു. ഒരു റൗഡിരാജ് വരാന്‍ പോകുന്നുവെന്ന് അവര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അണ്ണാ ഡിഎംകെയുടെ സര്‍ക്കാര്‍ സ്പോണ്‍സേഡ് വയലന്‍സാണ് ഇവിടെ നടക്കുന്നത്. തൂത്തുക്കുടിയില്‍ 13 സമരക്കാരെ വെടിവെച്ച് കൊന്നു. ചെന്നൈ സേലം എട്ടുവരിപ്പാതയുടേയും ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിയുടേയും പേരില്‍ കര്‍ഷകരെയുള്‍പ്പെടെ മര്‍ദ്ദിച്ചു. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പരാതി നല്‍കാന്‍ പോയ ഐപിഎസ് ഉദ്യോഗസ്ഥയെ പോലീസുകാര്‍ തന്നെ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തി. മന്ത്രിക്കെതിരെ ചോദ്യം ഉന്നയിച്ച യുവാവിനെ കുറച്ച് ദിവസങ്ങള്‍ ശേഷം കണ്ടത് മരണപ്പെട്ട നിലയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെട്ടു. പരാതി നല്‍കാന്‍ പോയ പെണ്‍കുട്ടിയുടെ സഹോദരനെ പോലീസ് മര്‍ദ്ദിച്ചു. ഈ സര്‍ക്കാര്‍ വയലന്റാണ്. ഈ സര്‍ക്കാരില്‍ നിന്ന് എന്ത് തരം ഐക്യമാണ് ജനത പ്രതീക്ഷിക്കേണ്ടത്?

വോട്ടെടുപ്പിന് മുന്‍പ് ജനങ്ങളോട് എന്താണ് പറയാനുള്ളത്? പ്രത്യേകിച്ച് മലയാളികളോട്?

സംസ്ഥാനത്തിന്റെ അവകാശം അടിയറവെക്കരുത്. അത് മനസ്സില്‍ വെക്കണം. അതിനുമപ്പുറം ഇതൊരു മതേതര രാജ്യമാണ് അത് കാത്ത് സൂക്ഷിക്കണം. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കക്ഷികളെ അതിന് അനുവദിക്കരുത്. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ദേശ വിരുദ്ധത. അതിനെതിരെ നമുക്ക് ഒരുമിച്ച് പോരാടാം