കന്നിചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കിയ ചരിത്രമാണ് കമല്‍ഹാസന്റേത്. എന്നാല്‍, വെളളിത്തിരവിട്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഉലകനായകന് പക്ഷേ, തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ കാലിടറി.

നിയമസഭാ പോരാട്ടത്തില്‍ കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യത്തിന്റെ ടിക്കറ്റില്‍ മത്സരിച്ച കമലിന് നേരിയ വ്യത്യാസത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ 1500 വോട്ടിനാണ് കമല്‍ ബി.ജെ.പി.യുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനോട് തോല്‍വി ഏറ്റുവാങ്ങിയത്. വനതിയുടെ കന്നി തിരഞ്ഞെടുപ്പ് ജയമാണിത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടുത്തെ ഡി.എം.കെ. മുന്നണിയുടെ സ്ഥാനാര്‍ഥി.

തുടക്കം മുതല്‍ തന്നെ താരപരിവേഷമുണ്ടായിരുന്ന മണ്ഡലത്തില്‍ വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ കമലായിരുന്നു മുന്നില്‍. എന്നാല്‍, ഏതാണ്ട് പകുതി സമയമായപ്പോള്‍ കോണ്‍ഗ്രസിന്റെ മയൂര ജയകുമാര്‍ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്നു വനതി അവസാന റൗണ്ടുകളിലാണ് അത്ഭുതകരമായ മുന്നേറ്റം കാഴ്ചവച്ചത്. ഒടുവില്‍ ഫോട്ടോഫിനിഷില്‍ ജയിക്കുകയും ചെയ്തു. മയൂര മൂന്നാമതായി.

2008ല്‍ മണ്ഡലം രൂപീകൃതമായതിനുശേഷം എ.ഐ.എ.ഡി.എം.കെ മാത്രമാണ് ഇവിടെ ജയിച്ചത്. 2018ലാണ് കമല്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നത്. പാര്‍ട്ടി പിന്നീട് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോയമ്പത്തൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എ.ഐഎ.ഡി. എം.കെയുടെ ഒപ്പം മത്സരിച്ച ബി.ജെ.പിക്ക് വനതിയുടേത് അടക്കം നാലു സീറ്റിലാണ് ജയിക്കാനായത്.

Content Highlights: Kamal Haasan Lost to Vanathi Srinivasan of BJP in Coimbatore South TamilNadu Assembly Election 2021