ചെന്നൈ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാണെന്ന തരത്തിലാണ് നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ 137 സീറ്റില്‍ ഡി.എം.കെയാണ് മുന്നില്‍. നിലവിലെ ട്രന്‍ഡ് പ്രകാരം ഡി.എം.കെ. ഭരണം തിരിച്ചു പിടിക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. 96 സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെയും ലീഡ് ചെയ്യുന്നു. എഎംഎംകെ ഒരു സീറ്റിലും കമല്‍ഹാസന്റെ എം.എന്‍.എം. ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. കമല്‍ഹാസന്‍ മത്സരിച്ച സീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

234 അംഗങ്ങളുള്ള സഭയില്‍ 118 സീറ്റാണ് ഭരണം പിടിക്കാന്‍ ഡി.എം.കെയ്ക്ക് ആവശ്യമായുള്ളത്. ഇനി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ തന്നെ മുഖ്യമന്ത്രിയാവും. 2016 കക്ഷി നില പ്രകാരം 234 മണ്ഡലങ്ങളില്‍ എ.ഐ.ഡി.എം.കെ. 136 മണ്ഡലങ്ങളില്‍ ആയിരുന്നു 2016ല്‍ വിജയിച്ചത്. ഡിഎംകെ-89 മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ്-8, മുസ്ലിംലീഗ്-1 എന്നിങ്ങനെ പോകുന്നു 2016ലെ തമിഴ്‌നാട്ടിലെ സീറ്റുനില.

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള കക്ഷി നില പ്രകാരം 124 സീറ്റായിരുന്നു അണ്ണാ ഡിഎംകെയ്ക്ക് ഉണ്ടായിരുന്നത്. ഡിഎംകെയ്ക്ക് 96, കോണ്‍ഗ്രസിന് ഏഴ്, മുസ്ലിം ലീഗിന് ഒന്ന്. എംഎല്‍എമാരുടെ മരണത്തെയും രാജിയേയും തുടര്‍ന്ന് അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

മുഖ്യമന്ത്രി കെ പളനിസ്വാമി സേലം ജില്ലയിലെ എടപ്പാടിയില്‍ മുന്നിട്ടുനില്‍ക്കുന്നു. പ്രതിപക്ഷ നേതാവും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ നിയോജകമണ്ഡലത്തില്‍ മുന്നിലാണ്.

കുരിഞ്ചിപാടി, നെയ്വേലി, വിരുദാചലം ഉള്‍പ്പെടെയുള്ള നിയോജകമണ്ഡലങ്ങളിലും ഡി.എം.കെ. മുന്നിലാണ്. ബി.ജെ.പിയുടെ സംസ്ഥാന യൂണിറ്റ് മേധാവി എല്‍. മുരുകന്‍ ധരപുരത്ത് മുന്നിലാണ്. എ.ഐ.എ.ഡി.എം.കെ. നേതാക്കളും സംസ്ഥാന മന്ത്രിമാരായ കെ. സി. വീരമണിയും ബെഞ്ചമിനും ജോലാര്‍പേട്ടിലും മധുരാവയലിലും മുന്നിലാണ്

പുതുച്ചേരിയില്‍ ആകെയുള്ള 30 മണ്ഡലങ്ങളിലെ 17 സീറ്റുകളിലെ ഫലസൂചന വന്നു കഴിഞ്ഞു. എന്‍.ആര്‍.സി. 12 സീറ്റിലും കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

content highlights: DMK leading in Tamilnadu, Puducherry congress