ചെന്നൈ: തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ മാ ഫോയ് പാണ്ഡ്യരാജന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയെ ചൊല്ലി വിവാദം. പ്ലസ്ടുവില്‍ മികച്ച വിജയം നേടിയിട്ടും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീഡിയോ മന്ത്രി പോസ്റ്റ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ഇതിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് മന്ത്രി വീഡിയോ ഡിലീറ്റ് ചെയ്തു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ എ.ഐ.എ.ഡി.എം.കെ നടപടിയെ പ്രശംസിക്കുന്ന രീതിയിലാണ് വീഡിയോ.  ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. തമിഴ്‌നാടിന്റെ ചരിത്രത്തില്‍ ഇന്നേവരെ 400 ല്‍ കൂടുതല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കാന്‍ അവസരമാണ്ടായിട്ടില്ല. ജയലളിത മന്ത്രിസഭ ഇതിനുള്ള അവസരമൊരുക്കിയിരുന്നു. 17 വിദ്യാര്‍ഥികളുടെ മെഡിക്കല്‍ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കിയ ഡി.എം.കെയ്ക്ക് മാപ്പ് നല്‍കരുതെന്നും വീഡിയോയില്‍ പറയുന്നു.

മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ശവത്തില്‍ നിന്ന് ഭക്ഷിക്കുന്ന പുഴുവിനെക്കാള്‍ മോശമാണ് താനെന്ന് മന്ത്രി തെളിയിച്ചതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ഉടന്‍ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും ഇദ്ദഹം ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ അറിവോടെയല്ല വീഡിയോ പോസ്റ്റ് ചെയ്തതെന്ന് മന്ത്രി പാണ്ഡ്യരാജന്‍ പിന്നീട് പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്നും വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും മന്ത്രി പറഞ്ഞു.

ദേശീയ തലത്തിലുള്ള നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ തമിഴ്‌നാട്ടില്‍ വലിയ വൈകാരിക വിഷയമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വീഡിയോയിലുള്ള പെണ്‍കുട്ടി ഉള്‍പ്പടെ 17 വിദ്യാര്‍ഥിനികള്‍ പരീക്ഷയില്‍ വിജയിക്കാനാവാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സ്വകാര്യ കോച്ചിങ്ങിന് പോകാന്‍ കഴിയാത്ത സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനം ഉറപ്പുവരുത്താനായി തമിഴ്‌നാട് സര്‍ക്കാര്‍ നീറ്റ് നിര്‍ത്തലാക്കി പ്ലസ് ടു മാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന്റെ അടിസ്ഥാനമാക്കിയിരുന്നു.

യു.പി.എ ഭരണകാലത്ത് നീറ്റ് പരീക്ഷ നടപ്പാക്കിയപ്പോള്‍ അതില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാന്‍ ഡി.എം.കെ ഇടപെടലുകളിലൂടെ സാധിച്ചിരുന്നു. എന്നാല്‍ എന്‍.ഡി.എ ഭരണകാലത്ത് അത്തരമൊരു ഇടപെടല്‍ നടത്താന്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് സാധിച്ചിരുന്നില്ല. എങ്കിലും നീറ്റ് നടപ്പാക്കിയതിന്റെ ഉത്തരവാദിത്വം ഡി.എം.കെ ഉള്‍പ്പെട്ടിരുന്ന യു.പി.എ സര്‍ക്കാരിന് ആണ് എന്നാണ് എ.ഐ.എ.ഡി.എം.കെയുടെ വാദം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: AIADMK Election Ad With Student Who Died By Suicide Deleted After Outcry