തിരുവനന്തപുരം: പുതുച്ചേരിയില്‍ എന്‍ഡിഎ 21 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് മാതൃഭൂമി സീ-വോട്ടര്‍ അഭിപ്രായ സര്‍വെ. യുപിഎ ഒന്‍പത് സീറ്റുകളില്‍ ഒതുങ്ങുമെന്നും അഭിപ്രായ സര്‍വെ പ്രവചിക്കുന്നു. എന്‍ഡിഎ 19 മുതല്‍ 23 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. യുപിഎ ഏഴ് മുതല്‍ 11 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ 0-1 സീറ്റുകള്‍ നേടും.

ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് സര്‍വെയില്‍ പങ്കെടുത്ത 49.8 ശതമാനം പേരും എന്‍. രംഗസ്വാമി എന്നാണ് ഉത്തരം നല്‍കിയത്. ഇത്തവണ മത്സര രംഗത്തില്ലാത്ത മുഖ്യമന്ത്രി വി. നാരായണ സ്വാമി മുഖ്യമന്ത്രിയാകണമെന്ന് 20 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഈ ചോദ്യത്തിന് ഉത്തരം പറയാനാകില്ലെന്ന് 15.9 ശതമാനം പേരും മറ്റാരെങ്കിലും മുഖ്യമന്ത്രിയാകണമെന്ന് 14.3 ശതമാനം പേരും അഭിപ്രായപ്പെട്ടു.

നിലവിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ പ്രകടനം മികച്ചതാണെന്ന് 9.7 ശതമാനം പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. 27.4 ശതമാനം പേര്‍ ശരാശരിയെന്ന് വിലയിരുത്തി. 62.9 ശതമാനം പേരാണ് വി. നാരായണ സ്വാമിയുടെ പ്രകടനം മോശമായിരുന്നുവെന്ന് വിലയിരുത്തിയത്. പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് 9.7 ശതമാനം പേര്‍ മാത്രം വിലയിരുത്തി. 34.4 ശതമാനംപേര്‍ സര്‍ക്കാരിന്റെ പ്രകടനം ശരാശരിയെന്ന് വിലയിരുത്തിയപ്പോള്‍ 55.9 ശതമാനം പേരാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനം മോശമെന്ന് വിലയിരുത്തിയത്. 1265 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്.

Content Highlights: Puthuchery NDA Mathrubhumi C Voter Pre Poll survey