പുതുച്ചേരി: പുതുച്ചേരിയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ്, അണ്ണാ ഡിഎംകെ, ബിജെപി സഖ്യം പ്രഖ്യാപിച്ചെങ്കിലും തര്‍ക്കം തുടരുന്നു. സഖ്യം സംബന്ധിച്ച ധാരണാപത്രത്തില്‍ അണ്ണാ ഡിഎംകെ ഒപ്പുവെച്ചില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന എന്‍.ആര്‍. കോണ്‍ഗ്രസ് നേതാവ് എന്‍. രംഗസ്വാമിയുടെ ആവശ്യവും ബിജെപി അംഗീകരിച്ചില്ല.

എന്‍.ഡി.എ. സഖ്യത്തില്‍ എന്‍.ആര്‍. കോണ്‍ഗ്രസ് 16 സീറ്റിലാണ് മത്സരിക്കുക. ബാക്കിയുള്ള 14 സീറ്റുകളില്‍ ബിജെപിയും അണ്ണാ ഡിഎംകെയും ചേര്‍ന്ന് മത്സരിക്കും. എന്നാല്‍ ഇപ്പോള്‍ നാല് സിറ്റിങ് എംഎല്‍എമാരുള്ള അണ്ണാ ഡിഎംകെയ്ക്ക് മൂന്ന് സീറ്റ് മാത്രം മത്സരിക്കാന്‍ നല്‍കാമെന്നാണ് ബിജെപി അറിയിച്ചത്. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ അണ്ണാ ഡിഎംകെ സഖ്യധാരണയില്‍ ഒപ്പുവെച്ചില്ല. സഖ്യത്തെ എന്‍ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍.രംഗസ്വാമി നയിക്കുമെന്ന് ബിജെപി അറിയിച്ചു. എന്നാല്‍ രംഗസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ല.

ചര്‍ച്ചകള്‍ നടന്ന മുറയ്ക്ക് പുറത്ത് എന്‍ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. രംഗസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം എന്നായിരുന്നു എന്‍ആര്‍സി പ്രവര്‍ത്തകരുടെ ആവശ്യം. മറുഭാഗത്ത് ബിജെപി പ്രവര്‍ത്തകര്‍ ഭാരത് മാതാകി ജയ് എന്ന് മുദ്രാവാക്യം വിളിച്ചു.

മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നമശിവായം സഖ്യപ്രഖ്യാപന പരിപാടിയിലേക്ക് എത്തിയില്ല. തിരഞ്ഞെടുപ്പിന് ശേഷവും പുതുച്ചേരിയില്‍ രാഷ്ട്രീയ നാടകം തുടരുമെന്ന സൂചനയാണ് ഇപ്പോഴത്തെ സാഹചര്യം നല്‍കുന്നത്.

content highlights: N Rangaswamy Puthucherry Election 2021