ണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ 21 അംഗ മന്ത്രിസഭയില്‍ മൂന്നിലൊതുങ്ങി വനിതാ പ്രാതിനിധ്യം. അതായത് വനിതാപ്രാതിനിധ്യം ഏഴില്‍ ഒന്ന്. കഴിഞ്ഞ സര്‍ക്കാരിന്റെ മുഖമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കെ.കെ. ശൈലജയ്ക്ക് ഇത്തവണ മന്ത്രിസഭയില്‍ ഇടവുമില്ല. എന്തുകൊണ്ടാവും ഈ മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം ഇത്രയും ശുഷ്‌കമായിപ്പോയത്? 

കഴിഞ്ഞ തവണ രണ്ട് വനിതാ മന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്, ഇത്തവണ മൂന്ന് മന്ത്രിമാരുണ്ടല്ലോ എന്ന ന്യായീകരണം അവിടെ നില്‍ക്കട്ടെ. പ്രാതിനിധ്യത്തിനു വേണ്ടി പ്രാതിനിധ്യം നല്‍കുന്ന പരിപാടിക്കു പകരം ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ ഏല്‍പിക്കാന്‍ എന്തുകൊണ്ടാണ് സ്ത്രീകളെ തിരഞ്ഞെടുക്കാത്തത് എന്ന ചോദ്യം അവിടെത്തന്നെയുണ്ട്. സ്ത്രീ - പുരുഷ അനുപാതത്തില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ള, വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്ത്രീകളുള്ള കേരളീയ സമൂഹം കൂടുതല്‍ വനിതാ മന്ത്രിമാരെ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.  

വഴി തടയുന്ന അദൃശ്യമതിലുകള്‍ 

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കു വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ട ചില അദൃശ്യമായ മതിലുകളുണ്ട്. കാര്യപ്രാപ്തിയും പ്രവര്‍ത്തന ശേഷിയുമുണ്ടെന്ന് തെളിയിക്കപ്പെട്ടാലും ചില അദൃശ്യ മതിലുകള്‍ അവരുടെ വളര്‍ച്ചയെ തടയും. പാര്‍ട്ടിനയമെന്നും തീരുമാനമെന്നുമൊക്കെ ആ മതിലുകളെ പേരുചൊല്ലി വിളിക്കാം. 

രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍, അതില്‍ പാര്‍ലമെന്ററി രംഗത്ത് മത്സരിക്കാന്‍ അവസരം ലഭിക്കുന്നവര്‍-വിജയിക്കുന്നവര്‍, മന്ത്രിപദത്തിലെത്തിയവര്‍ എന്നീ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഒരു പിരമിഡ് എടുത്ത് തലകീഴായി വെച്ചപോലെയുണ്ടാകും. അതുകൊണ്ടാണ് കേരള രാഷ്ട്രീയത്തിലെ വനിതകളെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചും പറയാന്‍ ഇരുകയ്യിലെയും വിരലുകള്‍ മതിയാകുമെന്ന ദുര്യോഗത്തിലേക്ക് നാം എത്തിയത്. 

1957 മുതല്‍ 2021 വരെയുള്ള നിയമസഭകളെടുത്താല്‍, ഒരിക്കല്‍ പോലും വനിതാ പ്രാതിനിധ്യം പത്തുശതമാനം കടന്നിട്ടില്ലെന്നു കാണാനാകും. 1996-ല്‍ ആണ് ഏറ്റവും കൂടുതല്‍ വനിതാ എം.എല്‍.എമാരുണ്ടായിരുന്നത്- 13 പേര്‍. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ചാവേര്‍ വേഷം അണിയേണ്ടി വന്നു പല വനിതാ നേതാക്കള്‍ക്കും. 
  
15-ാം നിയമസഭയില്‍ 11 വനിതകളാണ് വിജയിച്ചെത്തിയത്. ഇതില്‍ മൂന്നുപേര്‍- രണ്ടുപേര്‍ സി.പി.എമ്മില്‍നിന്നും ഒരാള്‍ സി.പി.ഐയില്‍നിന്നും മന്ത്രിമാരാകും. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത് രണ്ട് വനിതാമന്ത്രിമാരായിരുന്നു- കെ.കെ. ശൈലജയും ജെ. മേഴ്‌സിക്കുട്ടിയമ്മയും. രണ്ടു പേരും മത്സരിച്ചുവെങ്കിലും ജയിച്ചത് ശൈലജ മാത്രം. അത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചതിനേക്കാള്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍. മട്ടന്നൂരില്‍ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. അതേസമയംm കുണ്ടറയില്‍നിന്ന് മത്സരിച്ച ജെ. മേഴ്‌സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്റെ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടു. 

പിണറായി സര്‍ക്കാര്‍ 2.0: വനിതാ മന്ത്രിമാര്‍

ആര്‍. ബിന്ദു

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും സി.പി.എം. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും അധ്യാപകനുമായിരുന്ന എന്‍. രാധാകൃഷ്ണന്റെയും അധ്യാപികയായിരുന്ന കെ.കെ. ശാന്തകുമാരിയുടെയും മകളാണ് ഡോ. ആര്‍. ബിന്ദു (54). എസ്.എഫ്.ഐയുടെ സംസ്ഥാന വിദ്യാര്‍ഥിനി സബ് കമ്മിറ്റി കണ്‍വീനറായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ഥിപ്രതിനിധിയായി. സര്‍വകലാശാല സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. കഥകളിയിലും ചെറുകഥാ രചനയിലും യൂണിവേഴ്‌സിറ്റി തലത്തില്‍ തുടര്‍ച്ചയായി ജേതാവായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ റാങ്കോടു കൂടി ബിരുദാനന്തര ബിരുദം, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങളും നേടിയിട്ടുണ്ട്. 2005-ല്‍ തൃശ്ശൂരിലെ ആദ്യ വനിതാ മേയറായി ചുമതലയേറ്റു. 10 വര്‍ഷം കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്നു.

തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായി പ്രവര്‍ത്തിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം, കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യയാണ്. മകന്‍ വി. ഹരികൃഷ്ണന്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനാണ്.

വീണ ജോര്‍ജ്

15 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചു. പത്തനംതിട്ടയില്‍നിന്ന് മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയാണ് വീണ. 2016-ല്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. എം.എല്‍.എ. ആയിരിക്കെ 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു. നിയമസഭയിലേക്ക് ഇത് രണ്ടാം അങ്കം. ഭര്‍ത്താവ്- ജോര്‍ജ് ജോസഫ്. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബി.എഡ്ഡുമാണ് വിദ്യാഭ്യാസ യോഗ്യത. വിദ്യാര്‍ഥികളായ അന്നയും ജോസഫുമാണ് മക്കള്‍. 

ജെ. ചിഞ്ചുറാണി

സി.പി.ഐ. ദേശീയ കൗണ്‍സിലിലും സംസ്ഥാന എക്സിക്യൂട്ടീവിലും അംഗമാണ് ചിഞ്ചുറാണി. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍, സി.അച്യുത മേനോന്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബാലവേദിയിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. ആദ്യകാല കമ്യൂണിസ്റ്റും കശുവണ്ടിത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്ന മുണ്ടയ്ക്കല്‍ ഭരണിക്കാവ് തെക്കേവിളയില്‍ വെളിയില്‍ വടക്കതില്‍ എന്‍. ശ്രീധരന്റെയും ജഗദമ്മയുടെയും മകളാണ്.

സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കലാകായിക രംഗങ്ങളില്‍ മികവുപുലര്‍ത്തിയിരുന്നു. വിദ്യാഭ്യാസകാലത്ത് എ.ഐ .എസ്.എഫ്. പ്രവര്‍ത്തകയായിരുന്ന അവര്‍ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മെമ്പറായി. കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, ജില്ലാപഞ്ചായത്ത് അംഗം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭര്‍ത്താവ്: ഡി.സുകേശന്‍ സി.പി.ഐ. അഞ്ചാലുംമൂട് മണ്ഡലം സെക്രട്ടറിയും ലൈബ്രറി കണ്‍സില്‍ കൊല്ലം ജില്ലാ സെക്രട്ടറി യുമാണ്. മക്കള്‍: നന്ദു സുകേശന്‍ (ഇന്റീരിയര്‍ ഡിസൈനര്‍, നന്ദനാ റാണി (പ്ലസ്ടു വിദ്യാര്‍ഥിനി).

57 വര്‍ഷത്തിനു ശേഷം സി.പി.ഐക്ക് വനിതാമന്ത്രി

1964-നു ശേഷം ഇതാദ്യമായാണ് സി.പി.ഐക്ക് ഒരു വനിതാമന്ത്രിയെ ലഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 57 വര്‍ഷം വേണ്ടിവന്നു സി.പി.ഐക്ക് ഒരു വനിതയെ മന്ത്രിപദം ഏല്‍പിക്കാന്‍.

content highlights: women ministers in pinarayi vijayan cabinet