ഴിഞ്ഞ തവണ എട്ട് വനിതാ എം.എല്‍.എമാരായിരുന്നു നിയമസഭയില്‍ കേരളത്തിലെ സ്ത്രീകളെ പ്രതിനിധീകരിച്ചിരുന്നതെങ്കില്‍ ഇത്തവണയും സ്ത്രീകളുടെ സാന്നിദ്ധ്യം കൂടുതലൊന്നുമില്ലെന്ന് വേണം കരുതാന്‍. പതിനൊന്ന് വനിതകളാണ് ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതില്‍ പത്തുപേര്‍ എല്‍.ഡി.എഫില്‍ നിന്നും ഒരാള്‍ യു.ഡി.എഫിന്റെ പ്രതിനിധിയുമാണ്.

പതിനഞ്ച് വനിതാ സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നത്. അതില്‍ പലരും പുതുമുഖങ്ങളുമായിരുന്നു. മത്സരിച്ച പ്രമുഖരില്‍ മന്ത്രി ജെ.മേഴ്സികുട്ടിയമ്മ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. യു.ഡി.എഫിന്റെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്. എന്‍.ഡി.എയുടെ 20 വനിതാ സ്ഥാനാര്‍ത്ഥികളില്‍ ആരും വിജയിച്ചവരില്ല. 140 മണ്ഡലങ്ങളിളിലെ മത്സരാര്‍ത്ഥികളില്‍ എല്ലാ മുന്നണികള്‍ക്കും വിരലിലെണ്ണാവുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണയും സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. 

വീണ ജോര്‍ജ്

ആറന്മുളയില്‍ വിജയം വീണ്ടും ഉറപ്പിച്ച് വീണ ജോര്‍ജ്. 13,853 വോട്ടിനാണ് വീണ ജോര്‍ജ് വിജയിച്ചത് 2016-ല്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് ആറന്മുളയില്‍നിന്ന് വിജയിച്ചത്. യു.ഡി.എഫിലെ കെ. ശിവദാസന്‍ നായരായിരുന്നു അന്ന് എതിര്‍സ്ഥാനാര്‍ഥി. അതേ, സ്ഥാനാര്‍ഥി തന്നെയായിരുന്നു ഇത്തവണയും വീണ ജോര്‍ജിന്റെ പ്രധാന എതിരാളി. എന്നാല്‍ 2021-ലും വീണ ജോര്‍ജിനെതിരേ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ശിവദാസന്‍ നായര്‍ക്ക് ആയില്ല. ബി.ജെ.പി. സംസ്ഥാന സമിതി അംഗം ബിജു മാത്യുവായിരുന്നു ഇത്തവണ ആറന്മുളയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി.

കെ.കെ, രമ

വടകരയില്‍നിന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.പി. എം.എല്‍.എ. ആയി നിയമസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ രമയുടെ ഭൂരിപക്ഷം ഇത്തവണ 7491. 2008 ല്‍ ഒഞ്ചിയത്തെ സി.പി.എം. വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍.എം.പിക്കു ചരിത്രത്തില്‍ ആദ്യമായി എം.എല്‍.എ. തദ്ദേശതിരഞ്ഞെടുപ്പില്‍ വടകരയിലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളില്‍ ആര്‍.എം.പി.-യു.ഡി.എഫ്. സഖ്യം ഭരണം നേടിയതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷണം തുടരാന്‍ യുഡിഎഫ് തീരുമാനിച്ചത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെ മത്സരിച്ച രമ 20,504 വോട്ടു നേടിയിരുന്നു. 

സി.കെ. ആശ

സംസ്ഥാനത്ത് ഇത്തവണ അപൂര്‍വമായൊരു മല്‍സരം നടന്ന മണ്ഡലമാണ് വൈക്കം. മൂന്നു മുന്നണികളുെടയും സ്ഥാനാര്‍ഥികള്‍ സ്ത്രീകള്‍! സി.പി.ഐയുടെ കോട്ട എന്നറിയപ്പെടുന്ന വൈക്കത്ത് വിജയമുറപ്പിച്ച സിറ്റിങ് എം.എല്‍.എ. സി.കെ. ആശയ്ക്ക് രണ്ടാമൂഴമായിരുന്നു ഇത്തവണ. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ ആശ 2016-ല്‍  28,947 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ഡോ. പി.ആര്‍. സോനയെയാണ്. 

കെ.കെ. ശൈലജ

മട്ടന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 61,035 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയെയാണ് പരാജയപ്പെടുത്തിയത്. 
2016ല്‍ കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് കെ.കെ. ശൈലജ വിജയിച്ചത്. പിന്നീട്, മണ്ഡലം മാറി പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു. നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ആരോഗ്യമന്ത്രി എന്ന നിലയില്‍ പ്രശംസ പിടിച്ചുപറ്റിയ ശൈലജ ടീച്ചറുടെ വിജയം എല്‍ഡിഎഫ് നേരത്തെ തന്നെ ഉറപ്പിച്ചതായിരുന്നു.

ആര്‍. ബിന്ദു

ഇരിങ്ങാലക്കുടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്‍. ബിന്ദുവിനു ജയം. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു പിന്തള്ളിയത്. 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിന്ദു വിജയം നേടിയത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആയിരുന്നു.

കെ. ശാന്തകുമാരി

എല്‍.ഡി.എഫ് കളത്തിലിറക്കിയ പുതുമുഖമായ കെ. ശാന്തകുമാരി 3,214 വോട്ടുകള്‍ക്കാണ് കോങ്ങാട് മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥികളായത് ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയായ യു.സി രാമനും ബി.ജെ.പിയുടെ സുരേഷ് ബാബു എമ്മുവാണ്. 

ജെ. ചിഞ്ചുറാണി

ജെ. ചിഞ്ചുറാണി എല്‍.ഡി.എഫിന്റെ പുതുമുഖ വനിതാ പോരാളികളില്‍ മറ്റൊരാളാണ്. കൊല്ലം ചടയമംഗലത്ത് നിന്ന 10923 വോട്ടുകള്‍ക്കാണ് ചിഞ്ചുറാണി വിജയിച്ചത്. യു.ഡി.എഫിന്റെ എം.എം. നസീറിനെയും ബി.ജെ.പിയുടെ വിഷ്ണു പട്ടത്താനത്തെയുമാണ്  ചിഞ്ചുറാണി തോല്‍പിച്ചത്. 

ദലീമ ജോജോ

അരനൂറ്റാണ്ടിനുശേഷം അരൂര്‍ മണ്ഡലത്തില്‍ രണ്ടു സ്ത്രീകള്‍ നേര്‍ക്കുനേര്‍  നിന്നുള്ള പോരാട്ടമായിരുന്നു. യു.ഡി.എഫിനായി നിലവിലെ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാനും എല്‍.ഡി.എഫിനായി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ദലീമ ജോജോയുമാണ് കളത്തില്‍. പിന്നണി ഗാനരംഗത്തുനിന്നു തിരഞ്ഞെടുപ്പിന്റെ മുന്നണിയിലേക്കു ദലീമ ജോജോ കടന്നിരിക്കുമ്പോള്‍, ചരിത്രത്തിലേക്കുള്ളൊരു കടന്നുകയറ്റം കൂടിയായി ആ മത്സരം മാറി. ഷാനിമോള്‍ ഉസ്മാനെ 6,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദലീമ തോല്‍പിച്ചത്

ഒ.എസ്, അംബിക

31m636 വോട്ടുകള്‍ക്കാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.എസ് അംബിക വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പി.സുധീറിനെയും യു.ഡി.എഫ്- ആര്‍.എസ്.പി സഖ്യ സ്ഥാനാര്‍ത്ഥിയായ എ ശ്രീധരനെയും തോല്‍പിച്ചാണ് ഒ.എസ്.അംബിക വിജയം കൊയ്തത്. അംബിക രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു. പ്രതിഭ 

കായംകുളത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായ യു. പ്രതിഭയാണ് വിജയിച്ചത്. കഴിഞ്ഞ ഭരണകാലത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലുമുള്ള നിരവധി വിവാദങ്ങളുടെ ഇരകൂടിയായിരുന്നു പ്രതിഭ. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പോലും പ്രതിഭയക്ക് അനുകൂലമായിരുന്നില്ല. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെ 6,270  വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ മറികടന്നത്. 

കാനത്തില്‍ ജമീല

കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫിന് വേണ്ടി നിലനിര്‍ത്തി കാനത്തില്‍ ജമീല. യു.ഡി.എഫിലെ എന്‍. സുബ്രഹ്മണ്യനെതിരെ 7,431 വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല വിജയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് കാനത്തില്‍ ജമീല. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമില്ലെങ്കിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയം സുനിശ്ചിതമാണെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.