തിരുവനന്തപുരം: കർണാടകത്തിലേതുൾപ്പെടെ മറുനാടുകളിലെ ബി.ജെ.പി. നേതാക്കൾ കേരളത്തിൽ പയറ്റിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പരാജയപ്പെട്ടത് സംസ്ഥാന നേതൃത്വത്തിനേൽപ്പിച്ചത് കടുത്ത ഷോക്ക്. കർണാടകത്തിലേതുൾപ്പെടെ പ്രമുഖ മറുനാടൻ നേതാക്കൾ സംസ്ഥാനത്ത് തങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിമുതൽ ഒട്ടുമിക്ക ദേശീയ നേതാക്കളെയും എത്തിച്ചായിരുന്നു പ്രചാരണം. മോദിയാകട്ടെ, ‘സ്വാമിയേ ശരണമയ്യപ്പ’ എന്നുവിളിച്ച് ശബരിമല പ്രധാന ചർച്ചാവിഷയമാക്കാൻ ശ്രമിക്കുകയും ചെയ്തു.

ആളും അർഥവും ബി.ജെ.പി. കാര്യമായി വിനിയോഗിച്ച തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്തവണത്തേത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെയും രാജ്യമാകെ അറിയപ്പെടുന്ന മെട്രോമാൻ ഇ. ശ്രീധരനെയും മത്സരിപ്പിച്ചെങ്കിലും വിജയിപ്പിക്കാൻ കഴിയാത്തത് ബി.ജെ.പി.ക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. കുമ്മനത്തിന്റെ തോൽവി ആർ.എസ്.എസിന് സഹിക്കാവുന്നതല്ല.

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി. ഉൾപ്പെട്ട എൻ.ഡി.എ. സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, മൂന്നു സ്ഥാനാർഥികളുടെ പത്രിക തള്ളിയതുതന്നെ തുടക്കത്തിലേ കല്ലുകടിയുണ്ടാക്കി. ശോഭാ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം വൈകിയതിലെ അസ്വസ്ഥത ദിവസങ്ങളോളം നീണ്ടുനിന്നതും ഒടുവിൽ അവർക്കുതന്നെ കഴക്കൂട്ടത്ത് സീറ്റ് നൽകേണ്ടിവന്നതും എടുത്തുപറയേണ്ടതാണ്.

മോദി കേരളത്തിൽ വന്നത് രണ്ടുതവണയാണ്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും വന്നു പലവട്ടം. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെപ്പോലുള്ള പ്രമുഖർ സംസ്ഥാനത്ത് പര്യടനം നടത്തി. കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിങ്, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, സദാനന്ദ ഗൗഡ തുടങ്ങിയ പ്രമുഖനേതാക്കളും യോഗി ആദിത്യനാഥ്, ബിപ്ളവ്കുമാർ ദേബ് തുടങ്ങിയ മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തി. കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ ദിവസങ്ങളോളം സംസ്ഥാനത്തുണ്ടായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി കോയമ്പത്തൂരിലെ മുൻ എം.പി.കൂടിയായ സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി കർണാടകത്തിൽനിന്നുള്ള എം.എൽ.എ. സുനിൽകുമാർ എന്നിവരും കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർക്കൊപ്പം പ്രചാരണത്തിനു ചുക്കാൻപിടിച്ചു. വോട്ടുവിഹിതമല്ല, സീറ്റാണ് പ്രധാനമെന്നു മോദിയും അമിത്ഷായും നഡ്ഡയും സംസ്ഥാന നേതാക്കളെ പലവട്ടം ഓർമിപ്പിച്ചതാണ്. രണ്ടിടത്ത് കെ. സുരേന്ദ്രനെ മത്സരിപ്പിച്ച പരീക്ഷണവും വലിയ പരാജയമായി.

content highlights: why bjp failed in kerala assembly election