തിരുവനന്തപുരം: തോമസ് ഐസക് ജയിച്ചുവരുന്ന ഘട്ടത്തിലെല്ലാം ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയാര് എന്ന ചോദ്യം ഉയര്‍ന്നിരുന്നില്ല. 2006 മുതല്‍ ഐസക്കാണ് സി.പി.എമ്മിന്റെ ധനകാര്യമുഖം. ഐസക്കില്ലാത്ത മന്ത്രിസഭയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ വരുന്നത്. ഒട്ടേറെ യുവപ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും കെ.എന്‍. ബാലഗോപലുമാണ് ഇവരില്‍ സാധ്യതകല്പിക്കുന്ന പ്രമുഖര്‍. ഐസക്കിന്റെ പിന്‍ഗാമിയായി ഇവരില്‍ ഒരാളാവുമോയെന്നതാണ് ഇനി അറിയാനുള്ളത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരാണ് പാര്‍ട്ടി ഉപരിഘടകത്തില്‍നിന്ന് മന്ത്രിമാരാകാനിടയുള്ള മറ്റുള്ളവര്‍.

ശൈലജയ്ക്കുപുറമേ വനിതാമന്ത്രിയുണ്ടാകുമോയെന്ന ചോദ്യവുമുണ്ട്. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതോടെ ആരെന്നാണ് ആകാംക്ഷ. വീണാ ജോര്‍ജിന്റെ പേരിനാണ് മുന്‍തൂക്കം. മന്ത്രിമാരില്‍ രണ്ടു വനിതകളില്ലെങ്കില്‍ സ്പീക്കര്‍ പദവിയില്‍ ഒരു വനിതയെ കൊണ്ടുവന്നേക്കുമെന്നും പറയുന്നുണ്ട്.