ഇടതുപക്ഷ വലതുപക്ഷ മുന്നണികളെ മാറിമാറി സ്വീകരിക്കുകയെന്ന പതിവ് ഇക്കുറി ജനങ്ങള്‍ തിരുത്തുമെന്നും തുടര്‍ഭരണത്തിന് അംഗീകാരം നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍.

പശ്ചാത്തലസൗകര്യങ്ങളുടെയും ജീവിത സൗകര്യങ്ങളുടെയും കാര്യത്തില്‍ കേരളം നമ്പര്‍ വണ്‍ ആകണം. എല്‍.ഡി.എഫിന് മാത്രമേ ഇതു നിറവേറ്റാനാകൂ- അദ്ദേഹം പറഞ്ഞു. ഒരു വശത്ത് അപവാദപ്രചാരണം, മറുവശത്ത് ബി.ജെ.പി.യുമായി രഹസ്യധാരണ. ഈ രീതിയിലാണ് തുടര്‍ഭരണം തടയാന്‍ യു.ഡി.എഫ്. ശ്രമിച്ചത്. എല്‍.ഡി.എഫിന്റെ വികസന അജന്‍ഡയ്ക്ക് പകരംവെക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. അസാധ്യമെന്ന് കരുതിയ പല പദ്ധതികളും പിണറായി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി.

20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍, അഞ്ചുലക്ഷം വീടുകള്‍, കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കുമെന്നും എല്‍.ഡി.എഫ്. പ്രഖ്യാപിച്ചിട്ടുണ്ട്. 2016-ലെ പ്രകടനപത്രികയിലെ 600 ഇനങ്ങളില്‍ 580-ഉം നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാനും എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാനും എല്‍.ഡി.എഫ്. പ്രതിജ്ഞാബദ്ധമാണ്. രാഹുല്‍ഗാന്ധിയടക്കം കോണ്‍ഗ്രസിന്റെ നേതാക്കളാരും ബി.ജെ.പി.യുടെ വര്‍ഗീയധ്രുവീകരണ അജന്‍ഡയെ എതിര്‍ക്കുന്നില്ല. ഇടതുപക്ഷ തുടര്‍ഭരണം വന്നാല്‍ സര്‍വനാശമെന്നാണ് എ.കെ. ആന്റണി ശപിച്ചത്.

ഒരു രാഷ്ട്രീയ നേതാവിന്റെ അധഃപതനമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. നുണ പ്രചാരണങ്ങള്‍ക്കും സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തണം. വിജയം നമ്മുടേതാണെന്നും അദ്ദേഹം പറഞ്ഞു.