തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സമര സമിതിയുമായി ആലോചിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് തീരുമാനമെന്ന് പെണ്‍കുട്ടികളുടെ അമ്മ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.  സംഘപരിവാര്‍ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

അതേസമയം കോണ്‍ഗ്രസ് ഇതുവരെ ധര്‍മടത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മത്സരിക്കാനുള്ള തീരുമാനം ശരിയാണെന്നും അമ്മയുടെ തീരുമാനം തിരഞ്ഞെടുപ്പിന്റെ മാനം വര്‍ധിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

കേസന്വേഷണം അട്ടിമറിച്ച ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ നേരത്തെ തല മുണ്ഡനം ചെയ്തിരുന്നു. പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ പാലക്കാട് സത്യാഗ്ര സമരം നടത്തുകയാണ് അവര്‍.

content highlights: walayar girls mother to contest against CM Pinarayi Vijayan In Dharmadom