കൊച്ചി: ഇരട്ടവോട്ട് റദ്ദാക്കണണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ഹൈക്കോടതി തേടി . തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. 

വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ടവോട്ടുകളുള്ള സമ്മതിദായകര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കണമെന്ന ഇടക്കാല ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ഇരട്ടവോട്ട് നീക്കം ചെയ്യുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെന്ന് കമ്മീഷന്‍ മറുപടി നല്‍കിയതായും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 

ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ചീഫ് ജസ്റ്റിന്റെ അഭാവത്തില്‍ ജസ്റ്റിസ് രവികുമാറാണ് ഹര്‍ജി പരിഗണിച്ചത്.