അഴീക്കോട് ഇടതിനും വലതിനും അഭിമാന പ്രശ്നമാണ്. സീറ്റ് പിടിച്ചെടുക്കാനുള്ള എല്ലാ അടവും സിപിഎം പയറ്റുമെന്നുറപ്പ്, യുഡിഎഫിനായി കെഎം ഷാജി തന്നെ ഇത്തവണയും മത്സരിച്ചാല്‍ അഴീക്കോട് ഇക്കുറി നടക്കുക ഹൈവോള്‍ട്ടേജ് മത്സരം ആയിരിക്കും. ഇത്തവണ കെഎം ഷാജിയാണ് മത്സരത്തിനെങ്കില്‍ മുന്‍നിര നേതാക്കളില്‍ ആരെങ്കിലും സിപിഎമ്മില്‍ നിന്ന് എതിരാളിയായി കളത്തിലുണ്ടാവും.
മണ്ഡലം തിരിച്ചുപിടിക്കാന്‍ കെകെ ശൈലജ, പി ജയരാജന്‍ എന്നിവരുടെ പേരുകള്‍ സാധ്യതാ പട്ടികയിലുണ്ട്. കോഴ ആരോപണവും അനധികൃത സ്വത്ത് സമ്പാദനവുമായി കേസിന്റെ പൊല്ലാപ്പ് ഷാജിക്ക് മേലെയുണ്ട്. ഇത് സിപിഎം ഇത്തവണ മുഖ്യപ്രചാരണ വിഷയമാക്കും. അതുകൊണ്ട് കാര്യങ്ങള്‍ ഇത്തവണ അത്ര എളുപ്പമല്ല ഷാജിക്ക്. മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.