ചേര്‍ത്തല: സര്‍ക്കാര്‍ മാറണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരന്‍ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായി. 'ഈ സമയത്ത് പറയുന്നതിനേക്കാള്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിച്ചേനെ. ഞാന്‍ എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോള്‍ പറയില്ല.നേരത്തെ പറയേണ്ടതായിരുന്നു. ഇപ്പോള്‍ ഞാന്‍ വോട്ടിലൂടെ പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. അത് ചെയ്തിട്ടുണ്ട്‌' വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തില്‍ മുമ്പുള്ളതിനേക്കാള്‍ വലിയ ഒരു ത്രികോണ മത്സരം നടക്കുന്നുവെന്നതാണ് പോളിങ് ശതമാനം വെച്ച് വിലയിരുത്താനാവുന്നത്. സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്നറിയാന്‍ പെട്ടി പൊട്ടിക്കേണ്ടി വരും. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്ലാ മുന്നണികളും കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുഖ്യമന്ത്രി ആകാന്‍ ഒരുപാട് പേര്‍ കുപ്പായം തയ്ച്ച് നടക്കുന്നുണ്ട്.ആരാകും ആരാകില്ല എന്ന് പറയാനാകില്ല. എസ്.എന്‍.ഡി.പി ആര്‍ക്കും അനുകൂലമായി ഒരു നിലപാട് എടുത്തിട്ടില്ല. ബിജെപി മുന്‍പത്തേക്കാള്‍ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ സീറ്റ് നേടുമെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.