ടെലിവിഷന്‍ ന്യൂസ് റൂമില്‍നിന്ന് ഇറങ്ങിയാണ് വീണ നേരെ പൊതുപ്രവര്‍ത്തനത്തിലേക്ക് കാലെടുത്ത് വെച്ചത്. മാധ്യമപ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയപ്രവേശനം. 2016-ല്‍ സി.പി.എം. സ്ഥാനാര്‍ഥിയായി ആറന്മുളയില്‍ മത്സരിച്ച വീണാ ജോര്‍ജ് അട്ടിമറി വിജയത്തിലൂടെയാണ് നിയമസഭയില്‍ എത്തിയത്. 7646 വോട്ടായിരുന്നു ഭൂരിപക്ഷം.

വീണ ജോര്‍ജ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാംതവണ. 2016-ല്‍ കന്നിയങ്കത്തില്‍ ആറന്മുളയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ശിവദാസന്‍ നായരെ പരാജയപ്പെടുത്തി ആദ്യവിജയം. 2021-ലും കൂടുതല്‍ ഭൂരിപക്ഷത്തോടെ അത് ആവര്‍ത്തിച്ചു.

നിയമസഭയിലെ ചര്‍ച്ചകളിലും സമ്മേളനങ്ങളിലും ഉറച്ച ശബ്ദമായിരുന്നു വീണ ജോര്‍ജ്. 2018-ലെ മഹാപ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ അണിനിരന്നു. ആറന്മുളയിലും പത്തനംതിട്ടയിലും കനത്ത നാശം വിതച്ച പ്രളയത്തില്‍ ജനങ്ങള്‍ക്ക് എല്ലാസഹായവും ഉറപ്പുവരുത്തി.

2019-ല്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും യു.ഡി.എഫിലെ ആന്റോ ആന്റണിയോട് പരാജയപ്പെട്ടു. പിന്നീട് 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാമങ്കം. ഇത്തവണ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

 

കേരള സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വീണാ ജോര്‍ജ് പഠനകാലത്ത് എസ്.എഫ്.ഐ. പ്രവര്‍ത്തകയായിരുന്നു. രണ്ട് വര്‍ഷം പത്തനംതിട്ട കതോലിക്കേറ്റ് കോളേജില്‍ അധ്യാപികയായി ജോലിചെയ്തു. പിന്നീട് വിവിധ മലയാളം വാര്‍ത്താചാനലുകളില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. ഒരു മലയാളം വാര്‍ത്താചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ പദവി വഹിച്ച ആദ്യവനിതയാണ്. 

ഭര്‍ത്താവ്: ഡോ. ജോര്‍ജ് ജോസഫ്. മക്കള്‍: അന്ന, ജോസഫ്. മൈലപ്ര കുമ്പഴ നോര്‍ത്ത് വേലശ്ശേരി പാലമുറ്റത്ത് അഭിഭാഷകനായ പി.ഇ.കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ് വീണാ ജോര്‍ജ്.

Content Highlights: Veena George New minister