തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ചുകൊണ്ടാണ് വി. ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു വി. ശിവന്‍കുട്ടിയുടെ വിജയം. 2016-ലെ തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ബിജെപി നേതാവ് ഒ. രാജഗോപാലിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1954 നവംബര്‍ 10ന് ചെറുവക്കലില്‍ എം. വാസുദേവന്‍ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായിട്ടാണ് വി. ശിവന്‍കുട്ടി ജനിച്ചത്. ചരിത്രത്തില്‍ ബി.എ. ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ.യിലൂടെയാണ് വി. ശിവന്‍കുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നിലവില്‍ സി.ഐ.ടി.യു.വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയര്‍ തുടങ്ങിയ പദവികളിലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

2006ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഇത് നേമം ആയപ്പോഴും 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2016ല്‍ ഇദ്ദേഹത്തെ ഒ.രാജഗോപാല്‍ പരാജയപ്പെടുത്തി. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം തിരികെ പിടിക്കാന്‍ സിപിഎം നിയോഗിച്ചതും ശിവന്‍കുട്ടിയെ തന്നെയാണ്. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായി.

നേമം മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചുവെന്നത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിര്‍ണായകമായി. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവ് കൂടിയാണ്. സിപിഎം നേതാവും പ്രമുഖ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ മകളും പത്രപ്രവര്‍ത്തകയുമായ ആര്‍. പാര്‍വ്വതീദേവിയെയാണ് വി. ശിവന്‍കുട്ടി വിവാഹം ചെയ്തിരിക്കുന്നത്.

Content Highlights: V. Sivankutty new minister in Pinarayi Vijayan cabinet