തിരുവനന്തപുരം: തലസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ സമരമാണെങ്കിലും സമ്മേളനമാണെങ്കിലും മുന്നില്‍ ശിവന്‍കുട്ടിയുണ്ടാകും. അണ്ണനുണ്ടെങ്കില്‍ ഒന്നും നോക്കേണ്ടെന്നാണ് തിരുവനന്തപുരത്തെ സിപിഎം പ്രവര്‍ത്തകര്‍ പറയാറുള്ളത്. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും ഏറ്റെടുക്കുന്ന ഏത് കാര്യവും വെടിപ്പായി ചെയ്ത് തീര്‍ത്ത് തരും ശിവന്‍കുട്ടി. തലസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വീരപരിവേഷമുള്ള ശിവന്‍കുട്ടി ബി.ജെ.പി.യുടെ സംസ്ഥാനത്തെ ഏക അക്കൗണ്ട് ക്ലോസ്‌ചെയ്തതോടെ സംസ്ഥാനത്തും താരമായി. സി.പി.എമ്മിന്റെ സമരമുഖങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ശിവന്‍കുട്ടിയുടെ 2015-ലെ നിയമസഭാ കയ്യാങ്കളിക്കിടയിലുള്ള ചിത്രവും വളരെ പ്രസിദ്ധമാണ്.

രാഷ്ട്രീയ ജീവിത്തില്‍ ശിവന്‍കുട്ടിക്ക് പുതിയൊരു കാല്‍വെപ്പാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി പദം. ഒപ്പം തൊഴില്‍ വകുപ്പും. രണ്ടാം പിണറായി മന്ത്രിസഭയിലെ സിഐടിയുവിന്റെ ഏക പ്രതിനിധികൂടിയായ ശിവന്‍കുട്ടി ലഭിച്ചത് രണ്ടും സുപ്രധാന വകുപ്പുകള്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ പി.രവീന്ദ്രനാഥും ടി.പി.രാമകൃഷ്ണനും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണിത്.

മിന്നല്‍ ഫോര്‍വേഡുകളായിരുന്ന കുമ്മനം രാജശേഖരനേയും കെ.മുരളീധരനേയും കടത്തിവെട്ടിയാണ് നേമത്തെ പോസ്റ്റില്‍ ശിവന്‍കുട്ടി ഗോളടിച്ചുകയറ്റിയത്. കോളേജ് പഠനകാലത്ത് ഗോള്‍കീപ്പറായിരുന്ന ശിവന്‍കുട്ടിക്ക് പക്ഷേ രാഷ്ട്രീയ മൈതാനത്ത് സൂപ്പര്‍സ്‌ട്രൈക്കറുടെ റോളാണ്.

ചെറുവയ്ക്കല്‍ സ്വദേശികളായ എം. വാസുദേവന്‍ പിള്ളയുടെയും പി.കൃഷ്ണമ്മയുടെയും മകനായ ശിവന്‍കുട്ടി എസ്.എഫ്.ഐ.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്.

എസ്.എഫ്.ഐ. ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഉള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങുന്നത്.

sivankutty
തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ ശിവന്‍കുട്ടി അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, ടി.എം.ജേക്കബ് എന്നിവര്‍ക്കൊപ്പം |ഫോട്ടോ: മാതൃഭൂമി

1995-2000 കാലഘട്ടത്തില്‍ തിരുവനന്തപുരം മേയറായി. തിരുവനന്തപുരം ഈസ്റ്റില്‍നിന്ന് 2006-ല്‍ ആദ്യമായി നിയമസഭാംഗമായി. 2011-ല്‍ നേമത്തുനിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

സി.ഐ.ടി.യു. സംസ്ഥാനസെക്രട്ടറിയും സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമാണ്. സി.പി.എം. സൈദ്ധാന്തികനായ പി. ഗോവിന്ദപ്പിള്ളയുടെ മകള്‍ ആര്‍.പാര്‍വതി ദേവിയാണ് ഭാര്യ. മകന്‍: പി.ഗോവിന്ദ് ശിവന്‍.