തിരുവനന്തപുരം: സി.പി.എം എന്നത് വോട്ടുകള്‍ വില്‍ക്കാന്‍ വെച്ചിട്ടുള്ള പാര്‍ട്ടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. തലശ്ശേരിയിലും ഗുരുവായൂരും വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കണമെന്ന സുരേഷ്ഗോപിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി കേരളത്തില്‍ കോലിബി സഖ്യമെന്ന ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിതന്നെ വില്‍ക്കുന്ന ആള്‍ക്കാരാണ് സി.പി.എമ്മെന്നും അദ്ദേഹം വിമര്‍ശിച്ചു.  ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ്. അദ്ദേഹം പറയുന്നതിനാണ് ഇത്തരം കാര്യങ്ങളില്‍ പ്രസക്തിയെന്നും വി. മുരളീധരന്‍ പറഞ്ഞു. 

തമിഴ്നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ സഖ്യത്തില്‍ മത്സരിക്കാന്‍ വേണ്ടി ഡിഎംകെയുടെ കൈയില്‍ നിന്ന് പണം വാങ്ങിയ ആള്‍ക്കാരാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ അവരുടെ സംഭാവനയുടെ ലിസ്റ്റ് എടുത്ത് നോക്കി കഴിഞ്ഞാല്‍ ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയെന്നതിന് തെളിവുണ്ട്. മാത്രമല്ല അത് കമലഹാസന്‍ തന്നെ നേരിട്ട് പറയുകയും ചെയ്തു. പണം വാങ്ങി സഖ്യമുണ്ടാക്കുന്ന പാര്‍ട്ടിയാണ്. ബിജെപിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയിട്ട് ബിജെപിയുടെ എതിരാളികള്‍ നടത്തുന്ന പ്രചരണമാണ്. 

ഇത്തരം വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്താതിരിക്കാനുള്ള മാന്യത പിണറായി വിജയന്‍ കാണിക്കണം. ഇങ്ങനെ വിലകുറഞ്ഞ ആരോപണം ഉന്നയിച്ച് മലര്‍ന്നുകിടന്ന് തുപ്പുന്ന സമീപനം കൊണ്ട് കേരളത്തില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ദോഷം മാത്രമേ ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.

ലൗജിഹാദ് വിഷയത്തില്‍ ജോസ്.കെ.മാണി ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണ് പരസ്യമായി പ്രകടിപ്പിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന് രണ്ട് മുന്നണികളില്‍ നിന്നും നീതി ലഭിക്കുന്നില്ല എന്നുള്ള ആശങ്ക പല ഘട്ടങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കേണ്ടത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്നാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വേണ്ടി കേന്ദ്ര ഏജന്‍സികള്‍ പോരാടുകയാണെന്ന പി. സായിനാഥിന്റെ വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. ലേഖനങ്ങള്‍ എഴുതുന്നവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് വി. മുരളീധരന്‍ പറഞ്ഞത്. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. അത്തരം രാജ്യങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

Content Highlights: V Muraleedharan aganist CPIM