സുല്‍ത്താന്‍ബത്തേരി: രാഹുല്‍ ഗാന്ധിക്കെതിരേ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമേഠിയില്‍ പതിനഞ്ച് കൊല്ലം ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയതെന്ന് അമിത് ഷാ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒരു വിനോദസഞ്ചാരിയായി വന്നിരിക്കുകയാണ്. ഒരു വികസനപ്രവര്‍ത്തനവും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

'കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങള്‍ കേവലം വോട്ടുബാങ്ക് മാത്രമാണ്. സര്‍ക്കാര്‍ പണം ഉണ്ടാക്കാനുള്ള ബാങ്കാണ്. 10 വര്‍ഷം യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചു. വികസനം നടത്താനാണ് ജനങ്ങള്‍ അവര്‍ക്ക് വോട്ട് നല്‍കിയത്. പക്ഷേ, അവര്‍ വികസനം കൊണ്ടുവന്നില്ല, 12 ലക്ഷം കോടിയുടെ അഴിമതി നടത്തി.'- അമിത് ഷാ ആരോപിച്ചു. 

യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫും എല്‍.ഡി.എഫും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. യു.ഡി.എഫും എല്‍.ഡി.എഫും ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്ന ഇവര്‍ ബംഗാളില്‍ അവര്‍ ഒരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നു.

നിങ്ങളുടേത് ആദര്‍ശത്തിന്റെ രാഷ്ട്രീയമാണോ അധികാരത്തിന്റെ രാഷ്ട്രീയമാണോ എന്ന് ചോദിച്ച അമിത് ഷാ ഇരു പാര്‍ട്ടികളും ചേര്‍ന്ന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയാകണമെന്നും പറഞ്ഞു. സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ ക്രൂരമായി ലാത്തി ചാര്‍ജ് ചെയ്തു. അയ്യപ്പഭക്തരെ ലാത്തിചാര്‍ജ് ചെയ്തപ്പോള്‍ കോണ്‍ഗ്രസുകാര്‍ മിണ്ടാതെയിരുന്നു. എന്നാല്‍ ബിജെപിയുടെ നയം ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് എന്നതാണെന്ന് അമിത് ഷാ വ്യക്തമാക്കി.

സ്വര്‍ണം, ഡോളര്‍ അഴിമതികളെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 

Content Highlights: Union Minister Amit Shah Mocks Rahul Gandhi