രാണ് തോല്‍വിയുടെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടത്? പ്രതിപക്ഷ നേതാവോ അതോ പാര്‍ട്ടി അധ്യക്ഷനോ?
രണ്ടായാലും രണ്ടു പേരായാലും കുഴപ്പമില്ലെന്ന് അണികള്‍. നേതൃമാറ്റത്തിന് മുറവിളി ഉയരുന്ന കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും കാര്യങ്ങള്‍ പരുങ്ങലിലാണ്. പൊട്ടലും ചീറ്റലും തുടങ്ങിക്കഴിഞ്ഞു. ഹൈബി ഈഡന്‍ കുറച്ചു കടുപ്പിച്ച് പറഞ്ഞു. പാര്‍ട്ടിക്കാണോ അതോ നേതാക്കള്‍ക്കാണോ ഉറക്കം ബാധിച്ചത് എന്നത് പറഞ്ഞ ഹൈബിക്കും തിട്ടമുണ്ടാകില്ല. 

ഇതിനെല്ലാമിടയില്‍ മൗനം കൊണ്ട് മൂര്‍ച്ഛ കൂട്ടുന്ന കെ. സുധാകരനാണ് ശ്രദ്ധാകേന്ദ്രം. സാധാരണ ആദ്യം വെടി പൊട്ടിക്കുന്ന സുധാകരന്‍ ഫലം വന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഉരിയാടിയിട്ടില്ല. യുവനിരയുടെ സൂചനാ വെടിക്കെട്ടില്‍ നേതൃമാറ്റം സംഭവിച്ചില്ലെങ്കില്‍ സുധാകരന്റെ പൊട്ടിത്തെറി ഉറപ്പാണ്. അത് എങ്ങനെ പരിണമിക്കുമെന്ന് കണ്ടറിയണം. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് അവിടെ രാജിയുണ്ടാകുമോ അതിന് മുന്നെ രാജിയുണ്ടാകുമോ എന്നേ അറിയാനുള്ളൂ. 

മുല്ലപ്പള്ളി തെറിക്കുമെന്ന് ഉറപ്പ്. കെ. സുധാകരന്‍ ആ പദവിയിലേക്ക് വരാനാണ് എല്ലാ സാധ്യതയും. ചെന്നിത്തല മാറി നിന്നാല്‍ പകരം വി.ഡി. സതീശന്‍. അങ്ങനെയാണെങ്കില്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തിനായി എ ഗ്രൂപ്പ് വക വടംവലിയുമുണ്ടാകും. എ ഗ്രൂപ്പിലാകട്ടെ വന്ദ്യവയോധികര്‍ കഴിഞ്ഞാല്‍ രണ്ടാം നിരയില്‍ അറിയപ്പെടുന്ന സ്വീകാര്യരായ നേതാക്കള്‍ ചുരുക്കം. പിന്നെ യുവനേതാക്കള്‍ മാത്രമാണുള്ളത്. അവിടേക്ക് അന്വേഷണം എത്തിയാലും സുധാകരനെ മെരുക്കുകയാവും വലിയ വെല്ലുവിളി. 

chennithala & mullappally
ചെന്നിത്തലയും മുല്ലപ്പള്ളിയും| ഫയല്‍ ഫോട്ടോ: ഇ.എസ് അഖില്‍, മാതൃഭൂമി

എയും ഐയും യോജിച്ചാലും കെ.സിയുടെ ഉടക്ക് എന്ന പ്രതിബന്ധവും സുധാകരന് മറികടക്കേണ്ടതുണ്ട്. അത് സംഭവിച്ചാല്‍ സുധാകരന് മധുരപ്രതികാരവും ആകുമത്. തിരഞ്ഞെടുപ്പിന് മുന്നെ സുധാകരന്‍  അധ്യക്ഷനാകുന്നതില്‍ ഏറക്കുറേ ധാരണയായിരുന്നു. എന്നാല്‍ അവസാന നിമിഷം അത് തടയപ്പെട്ടു. ഇനി ഈ പദവി ആഗ്രഹിക്കില്ലെന്ന് പറഞ്ഞതോടെ സുധാകരന്റെ അനിഷ്ടം പ്രകടമായി.

ലോക്‌സഭയിലേക്ക് ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാന്‍ മുല്ലപ്പള്ളി കൊണ്ടുപിടിച്ച് ശ്രമിച്ചു. കുഞ്ഞൂഞ്ഞ് ഒഴിഞ്ഞുമാറി. നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മുല്ലപ്പള്ളിക്ക് മത്സരമോഹം ഉദിച്ചതാണ്. കൊയിലാണ്ടിയിലോ കല്‍പറ്റയിലോ ലാന്‍ഡ് ചെയ്യുമെന്നും പ്രചാരണമുണ്ടായി. കണ്ണൂരില്‍ മത്സരിക്കട്ടെ ജയിപ്പിക്കുന്ന കാര്യം ഏറ്റെന്ന് സുധാകരനും ഉറപ്പ് നല്‍കി. മത്സരിച്ചാല്‍ ഏകോപനത്തിന് ആളില്ലാത്ത സ്ഥിതി വരും. അധ്യക്ഷന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കണമെന്ന ചര്‍ച്ചകള്‍ വന്നു. മത്സരവും നയിക്കലും കൂടി നടക്കില്ലെന്ന് തിരിച്ചറിഞ്ഞ മുല്ലപ്പള്ളി മത്സരമോഹം ഉപേക്ഷിച്ചു. അതോടെ സുധാകരന്റെ കിനാവും കരിഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ ക്രെഡിറ്റില്‍ മുല്ലപ്പള്ളി ഒന്ന് വിലസി വരുകയായിരുന്നു. തദ്ദേശത്തോടെ അത് വാടി. ഇപ്പോ അത് ഏതാണ്ട് കരിഞ്ഞു. മത്സരിച്ച് ജയിച്ചിരുന്നെങ്കില്‍ എം.എല്‍.എ. പദവിയെങ്കിലും ഉണ്ടായേനെ. വാക്കിലെ സൂക്ഷ്മതയും ജാഗ്രതയും കരുതലുമായി ക്യാപ്റ്റന്‍ കളം പിടിച്ചപ്പോള്‍ വാ തുറന്നാല്‍ പൊല്ലാപ്പായി പലപ്പോഴും മുല്ലപ്പള്ളി മാറി. 

നാവില്‍ ഗുളികന്‍ കയറിയവര്‍ക്ക് ആര് വി.ആര്‍.എസ് നല്‍കും? സമൂഹമാധ്യമങ്ങള്‍ രാഷ്ട്രീയ സ്പന്ദനം നിര്‍വഹിക്കുന്ന കാലത്ത് മുല്ലപ്പള്ളിയുടെ കടത്തനാടന്‍ വാമൊഴിവഴക്കം പണ്ടേ പോലെ ഫലിക്കുന്നില്ല. 

സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ എല്ലാ വിഷയങ്ങളും കണ്ടെത്തിയതും ഉന്നയിച്ചതും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ. പറഞ്ഞിട്ടെന്ത് കാര്യം. ഒരു പ്രയോജനവും വോട്ടിലുണ്ടായില്ല. വാര്‍ത്താസമ്മേളനം നടത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ കഴിയുമെങ്കില്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ ക്യൂ നില്‍ക്കും. മൈക്ക് കിട്ടിയാല്‍ മതി ഞാന്‍ ഏറ്റു എന്ന ലൈനിലാണ് പലരും. 

നേതൃമാറ്റം ഉറപ്പായും ഉന്നയിക്കുകയും ഒരുപക്ഷേ അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത തെളിയുകയും ചെയ്യുമായിരുന്ന മറ്റൊരാള്‍ കെ. മുരളീധരനാണ്. പക്ഷേ എന്ത് ചെയ്യാന്‍ നേമത്ത് കരുത്ത് തെളിയിക്കാത്ത ആള്‍ എങ്ങനെ കരുത്തനായ അധ്യക്ഷനാകും എന്ന് നേതാക്കള്‍ അടക്കം പറയും. അതാണ് നേമത്തെ വോട്ട് ഇരട്ടിയാക്കി മൂന്നാമത് ഫിനീഷ് ചെയ്ത ശേഷവും മുരളി പറഞ്ഞത് നേതൃമാറ്റം വേണ്ടെന്ന്. 

പാര്‍ട്ടിക്ക് ആസ്തിയാണോ ബാധ്യതയാണോ എന്ന് സ്വയം പരിശോധിക്കുന്ന എത്ര നേതാവുണ്ടാകും കോണ്‍ഗ്രസില്‍. അങ്ങനെ ചോദിച്ചാല്‍ എത്ര പേര്‍ക്ക് ഇന്ന് ആ പദവിയിലിരിക്കാന്‍ കഴിയും. പുതുതലമുറ വാതിലില്‍ മുട്ടിത്തുടങ്ങിയിരിക്കുന്നു. അവര്‍ ചവിട്ടിത്തുറന്ന് കസേരകള്‍ പിടിച്ചെടുത്ത ചരിത്രം ആര്‍ക്ക് ഓര്‍മ്മയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കും ആന്റണിക്കും ഓര്‍മ്മയുണ്ടാവും. 

അനിവാര്യമായ നേതൃമാറ്റത്തിന്റെ പൊട്ടലും ചീറ്റലുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഓരോ തോല്‍വി കഴിയുമ്പോഴും ഗ്രൂപ്പ്‌ മാനേജര്‍മാര്‍ ലിസ്റ്റ് നീട്ടിയെഴുതി ഒരു ട്രെയിനില്‍ കൊള്ളുന്ന അത്രയും ഭാരവാഹികളെ കുത്തിനിറച്ച് പുനഃസംഘടിക്കും. തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും അറിയാത്ത അത്രയും നേതാക്കള്‍. 50 ജനറല്‍ സെക്രട്ടറിമാരും 150 സെക്രട്ടറിമാരും 200 നിര്‍വാഹക സിമിതി അംഗങ്ങളും എല്ലാം കൂടിയാകുമ്പോള്‍ ചുരുക്കത്തില്‍ ഒരു തൃശൂര്‍ പൂരത്തിനുള്ള ആളുവരും. 

എല്ലാവരും ഭാരവാഹികളായതോടെ പ്രവര്‍ത്തിക്കാന്‍ അത്രയും പോലും ആളില്ലാത്ത സ്ഥിതി. കോവിഡ് വന്നതോടെ ഓണ്‍ലൈന്‍ യോഗങ്ങള്‍ നല്ലതാണ്. അല്ലെങ്കില്‍ സ്റ്റേഡിയം വാടകയ്ക്ക് എടുക്കേണ്ടി വന്നേനെ യോഗം കൂടാന്‍. പരാജയത്തിന്റെ നാണം മറയ്ക്കാന്‍ നേതൃമാറ്റം കോണ്‍ഗ്രസിന്റെ സ്ഥിരം ഒറ്റമൂലിയാണ്. കരുണാകരനെതിരെയും ആന്റണിക്കെതിരെയുമെല്ലാം അത് പ്രയോഗിക്കപ്പെട്ടു. സംഘടന എന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് പരാജയത്തിന് ആക്കം കൂട്ടിയതെങ്കില്‍ മുല്ലപ്പള്ളിയാണ് ഒന്നാം പ്രതി. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തപ്പോള്‍ ചെന്നിത്തലയെ ജനം തള്ളുകയുമാണ് ചെയ്തത്. തോറ്റ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടിയുടെ പിന്‍വാങ്ങലാണ് ചെന്നിത്തലയെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്നത്. നില്‍ക്കണോ മാറണോ എന്ന ചോദ്യംം

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് തിരുവഞ്ചൂരിനെ തെറിപ്പിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളില്‍ സുധാകരന്റെ പ്രസ്താവനകള്‍ വളരെ നിര്‍ണായകമായിരുന്നു. ഇന്ന അതേ തിരുവഞ്ചൂര്‍ വരെ പറയുന്നു സുധാകരന്‍ വരണമെന്ന്. വല്ലാത്ത മാറ്റം തന്നെ തിരുവഞ്ചൂരിന്. പക്ഷേ പ്രതിപക്ഷ നേതാവായി പിന്തുണക്കണം എന്നൊരു ഉപാധി അതിനുണ്ടോ എന്തോ. അതോ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണോ?