തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം 'വാക്ക് നല്‍കുന്നു യുഡിഎഫ്' എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. അതിന് ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി, സ്വജന പക്ഷപാതം, അനധികൃത നിയമനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് എന്നിവ അടക്കമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പ്രചാരണ വിഷയമാക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാരിന്റെ അവസാനത്തെ ആറു മാസക്കാലം പിആര്‍ഡിയെ ഉപയോഗിച്ച് നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ വീടുകള്‍ വച്ചുനല്‍കിയത് ഈ സര്‍ക്കാരാണെന്ന കളവ് പ്രചരിപ്പിച്ചു. എല്‍ഡിഎഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകള്‍ വച്ചുകൊടുത്തുവെന്ന് അവകാശപ്പെടുമ്പോള്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലു ലക്ഷം പേര്‍ക്കാണ് വീടുകള്‍ നല്‍കിയതെന്നും പ്രസ്താനയില്‍ അവകാശപ്പെട്ടു. സീറ്റ് വിഭജന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlights: UDF slogan Kerala Assembly Elections