തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ സീറ്റ് വിഭജന ചര്‍ച്ചകളുടെ ചൂടിലേക്ക് മുന്നണികള്‍. യുഡിഎഫ് പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഫെബ്രുവരി ആദ്യം ആരംഭിക്കും.
സീറ്റ് വിഭജന ചര്‍ച്ചകള്‍ യുഡിഎഫിനെ സംബന്ധിച്ച് കീറാമുട്ടിയാവുകയാണ്. ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണിവിട്ട സാഹചര്യത്തില്‍ ഒഴിവു വന്നത് 15 സീറ്റുകളാണ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിന് 15 സീറ്റായിരുന്നു മുന്നണിയിലുണ്ടായിരുന്നത്. എല്‍ജെഡിക്ക് ഏഴും. എന്നാല്‍ ഇത്തവണ ജോസ്. കെ മാണി മുന്നണി വിട്ടതിനാല്‍ അത്രയും സീറ്റ് നല്‍കേണ്ട പകരം അവിടെ കോണ്‍ഗ്രസ് മത്സരിച്ചാല്‍ മതി എന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച അത്രയും സീറ്റ് വേണമെന്നാണ് ജോസഫ് പക്ഷം വാദിക്കുന്നത്. അത് അംഗീകരിച്ച് കൊടുക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
അതേസമയം 15 സീറ്റില്‍ നിന്ന് ആറ് സീറ്റാണ് മുസ്ലീം ലീഗ് അധികമായി ചോദിച്ചിരിക്കുന്നത്. 24 സീറ്റിലാണ് കഴിഞ്ഞതവണ ലീഗ് മത്സരിച്ചത്. ആറെണ്ണം കൂടി ലഭിച്ചാല്‍ 30 സീറ്റുകള്‍ ലീഗിന് ലഭിക്കും. എന്നാല്‍ ഒരു പൊതു സ്വതന്ത്രന്‍ അടക്കം മൂന്ന് സീറ്റ് നല്‍കാമെന്നാണ് നിലവിലെ ധാരണ. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ലീഗ് നേതൃത്വവുമായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈയൊരു ധാരണ രൂപപ്പെട്ടത്. ഇത് ലീഗ് അംഗീകരിച്ചോയെന്ന് വ്യക്തമല്ല.
ലീഗിനെ കേന്ദ്രീകരിച്ച് എല്‍ഡിഎഫ് ഇളക്കിവിട്ട പ്രചാരണങ്ങള്‍ നിലനില്‍ക്കെ കൂടുതല്‍ സീറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് സീറ്റ് അധികമായി ലീഗ് ചോദിക്കുന്നത്. കൂടുതല്‍ സീറ്റ് നല്‍കിയാല്‍ ഇടതുമുന്നണിയുടെ പ്രചാരണം ശരിവെക്കുന്ന തരത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.
ലീഗിന് മൂന്ന് സീറ്റ് നല്‍കാമെന്ന ധാരണയാണ് ജോസഫ് പക്ഷത്തിനും ആര്‍എസ്പിക്കും കൂടുതല്‍ സീറ്റിനായുള്ള സമ്മര്‍ദ്ദത്തിന് ശക്തികൂട്ടാന്‍ പ്രേരണ നല്‍കിയത്. ആര്‍എസ്പി മൂന്ന് സീറ്റെങ്കിലും കൂടുതലായി ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ തവണ അഞ്ച് സീറ്റിലായിരുന്നു ആര്‍എസ്പി മത്സരിച്ചത്. ഒരു സീറ്റ് അധികമായി ആര്‍എസ്പിക്ക് ലഭിച്ചേക്കും.
ഒഴിവ് വന്ന 15 ല്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് തന്നെ മത്സരിക്കണം എന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ സ്ഥാനാര്‍ഥി മോഹവുമായി കച്ചകെട്ടിയിരിക്കുന്ന യുവ നേതാക്കളെ പരിഗണിക്കണമെന്നും മുറവിളിക്ക് നേതൃത്വം ചെവികൊടുക്കുമെന്ന് കരുതുന്നു. യുവജനങ്ങളുടെ എണ്ണം കൂട്ടണമെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശവുമുണ്ട്.
അതേസമയം ഫെബ്രുവരി ആദ്യവാരമാണ് എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുക. ഫെബ്രുവരി 13, 14 ദിനങ്ങളിലായി എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ ആരംഭിക്കും. ഇതിനുമുമ്പ് സീറ്റ് വിഭജനത്തില്‍ ധാരണ രൂപപ്പെടുത്തുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
പാലാ സീറ്റിനെ ചൊല്ലിയും മുന്നണിയിലേക്ക് എത്തിയ എല്‍ജെഡിക്ക് നല്‍കേണ്ട സീറ്റുകളെ സംബന്ധിച്ചും മാത്രമാണ് എല്‍ഡിഎഫിന് അധികം ആശങ്കയുള്ളത്. പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി. സി. കാപ്പന്‍ ഉടക്കുമെന്ന് വ്യക്തമാണ്. എന്‍സിപി കേന്ദ്രനേതൃത്വം സിറ്റിങ് സീറ്റുകളുടെ കാര്യത്തില്‍ കടുപിടുത്തം വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍ പാലാ കിട്ടിയില്ലെങ്കിൽ മാണി സി. കാപ്പന്‍ മുന്നണി വിട്ടാലും എന്‍സിപിയെ മുന്നണിക്കൊപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഎം.
യുഡിഎഫില്‍ നിന്നെത്തിയ എല്‍ജെഡിക്ക് സീറ്റ് നല്‍കുന്നതില്‍ അവ്യക്തതയുണ്ട്. എല്‍ജെഡിയും ജെഡിഎസും തമ്മിൽ ലയന ചർച്ചകൾ നടന്നെങ്കിലും ഇക്കാര്യത്തില്‍ ഉടനൊന്നും തീരുമാനം ആകാത്തതാണ് സിപിഎമ്മിന് തലവേദനയുണ്ടാക്കുന്നത്.
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബി, ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം എന്നിങ്ങനെയുള്ളവര്‍ക്കും സീറ്റ് വീതംവെച്ച് നല്‍കേണ്ടതുണ്ട്. ഒരുസീറ്റിലധികം ഇവര്‍ക്ക് നല്‍കാനിടയില്ല.
സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുഡിഎഫിനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം എല്‍ഡിഎഫ് ചെയ്യുന്നത് ലീഗിനെ കടന്നാക്രമിക്കുന്നുവെന്നതാണ് ശ്രദ്ധേയം. യുഡിഎഫിനുള്ളില്‍ തന്നെ അന്തഛിദ്രം കൊണ്ടുവരാനാണ് എല്‍ഡിഎഫ് ശ്രമം.
content highlights: UDF LDF seats in Kerala legislative assembly election 2021