തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ട് അനുവദിച്ചവരുടെ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരുകള്‍ പോസ്റ്റല്‍ വോട്ടിനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ. വേണുഗോപാല്‍ വരണാധികാരിക്ക് പരാതി നല്‍കി. 

80 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇത്തവണ പോസ്റ്റല്‍ വോട്ടിന് സൗകര്യമൊരുക്കിയിട്ടുണ്ട്. മാര്‍ച്ച് 17-ന് മുമ്പ് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ സൗകര്യം വിനിയോഗിക്കാനാവുക. ഇതനുസരിച്ച് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ വോട്ട് അനുവദിച്ചിട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ടത്. ഈ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആരോപണം. 

എട്ട് വര്‍ഷം മുമ്പ് മരിച്ച വയോധികയും രണ്ട് വര്‍ഷം മുമ്പ് വരിച്ച വയോധികനും പോസ്റ്റല്‍ വോട്ടിനുള്ളവരുടെ പട്ടികയിലുണ്ട്. മാത്രമല്ല, പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്തവരുടെയും ഫോം 12 സമര്‍പ്പിക്കാത്തവരുടെയും പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പട്ടിക പരിശോധിച്ച് ഇവരുടെ പേരുകള്‍ ഒഴിവാക്കണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം. 

Content Highlights: udf given complaint about postal voters list in thiruvananthapuram