തിരുവനന്തപുരം: ശബരിമലയെ ഒരു വിവാദഭൂമിയാക്കി മാറ്റാനോ തിരഞ്ഞെടുപ്പ് വിഷയമാക്കാനോ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറഞ്ഞതോടെയാണ് ശബരിമല വിഷയം വീണ്ടും ഉയര്‍ന്നുവന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 മാപ്പ് പറഞ്ഞതിലുള്ള മന്ത്രിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റേത്. 

വിശ്വാസികളുടെ താത്പര്യത്തെ എതിര്‍ക്കുന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ളത്. അത് അതേ പടി അവിടെ നില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ഈ വിഷയത്തില്‍ എല്ലാ കാലത്തും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.