കാസര്‍കോട്: മഞ്ചേശ്വരം അല്ലെങ്കില്‍ കോന്നി എന്ന കെ. സുരേന്ദ്രന്റെ ഭാഗ്യ പരീക്ഷണത്തെ രണ്ട് മണ്ഡലവും നിഷ്‌കരുണം തള്ളി. മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെങ്കില്‍ എത്താന്‍ സാധിച്ചെങ്കില്‍ കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എല്ലാ സര്‍വേകളിലും പോസ്റ്റ് പോള്‍ സര്‍വേകളിലും മഞ്ചേശ്വരം സുരേന്ദ്രന് ഉറപ്പിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫിന്റെ എ.കെ.എം. അഷറഫ് 700 വോട്ടുകള്‍ക്ക് മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച് കയറുകയായിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടകള്‍ക്കായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ പി.ബി. അബ്ദുള്‍ റസാഖിനോട് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍, 700 വോട്ടുകള്‍ക്കാണ് ഇത്തവണ മുസ്‌ലീം ലീഗിന്റെ എ.കെ.എം. അഷറഫിനോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് 2019-ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രവീശതന്ത്രി കുണ്ടാറിനെ മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്‍ 7923 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

ഭാഗ്യപരീക്ഷണം നടത്തുന്നതിന് രണ്ട് മണ്ഡലത്തില്‍ മത്സരിച്ചത് മഞ്ചേശ്വരത്ത് തിരിച്ചടിയായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോന്നി, മഞ്ചേശ്വരം എന്നീ രണ്ട് മണ്ഡലങ്ങളിലും പ്രചരണം നടത്തുന്നതിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തായിരുന്നു സുരേന്ദ്രന്റെ യാത്ര. ഇതിനെതിരേ മണ്ഡലത്തിന് അകത്തും പുറത്തും ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനൊപ്പം, കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ, കര്‍ഷക വിരുദ്ധ നയങ്ങളും, ഇന്ധന വില വര്‍ധനവ് പോലുള്ള വിഷയങ്ങളും നിരത്തിയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചരണവും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

മണ്ഡലത്തിലുള്ള സ്ഥാനാര്‍ഥിയെ തന്നെ വിജയിപ്പിക്കുന്ന ചരിത്രമാണ് മഞ്ചേശ്വരത്തിനുള്ളത്. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ തന്നെ എ.കെ.എം. അഷറഫിന് വ്യക്തമായ മേല്‍ക്കൈ ഇവിടെ ലഭിച്ചിരുന്നു. അതേസമയം, സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ തന്നെ ദേശിയ നേതാക്കളെയും അതിര്‍ത്തി മണ്ഡലമായതിനാല്‍ കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി. നേതാക്കളെയും ഇറക്കിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ പരിപാടികള്‍.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍, അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സുരേന്ദ്രന്റെ ലീഡ് ഉയര്‍ന്നത് ബി.ജെ.പി. ക്യാംപില്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. എന്നാല്‍, വീണ്ടും എ.കെ.എം. അഷറഫ് ശക്തമായി തിരിച്ചെത്തുകയായിരുന്നു. അതേസമയം, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ വി.വി. രമേശന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

ഭാഷ ന്യൂനപക്ഷ മേഖലയാണ് മഞ്ചേശ്വരം. ഹിന്ദു, മുസ്‌ലീം വോട്ടുകള്‍ക്ക് തുല്യപ്രാധാന്യമുള്ള മണ്ഡലവുമാണ്. എന്നാല്‍, ജാതി സമവാക്യങ്ങള്‍ക്ക് പുറമെ, മഞ്ചേശ്വരംകാരനെന്ന മേല്‍വിലാസവും അഷറഫിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ ഉള്യേരി സ്വദേശിയാണ്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്‍ കാഞ്ഞങ്ങാട് സ്വദേശിയുമാണ്.

Content Highlights: UDF Candidate A.K.M Ashraf Defeated NDA Candidate K.Surendran In Manjeshwaram