കാസര്‍കോട്: കേരളത്തെ സമ്പല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുക എന്ന സദുദ്ദേശത്തോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ 'ഐശ്വര്യ കേരളയാത്ര' നടത്തുന്നത്. യാത്രയുടെ മുഴുവന്‍ പേജ് പരസ്യം ഇന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ വന്നിട്ടുണ്ട്. ഇതില്‍ സംഭവിച്ച ഒരമളിയാണ് ആരംഭിക്കും മുന്നേതന്നെ യാത്രയെ ചരമവാര്ത്തയാക്കുന്നത്.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ യുഡിഎഫ് നേതാക്കളെല്ലാം പരസ്യത്തിന്റെ ആദ്യ പകുതിയിലുണ്ട്. ബാക്കി പകുതിയില്‍ പരസ്യമാണ്. ഇതിനു രണ്ടിനും ഇടയില്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് അബദ്ധം പിണഞ്ഞത്. ആശംസകളോടെ എന്നതിനു പകരം 'ആദരാഞ്ജലികളോടെ' എന്നാണ് അച്ചടിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കാസര്‍കോട് കുമ്പളയിലാണ് ഐശ്വര്യ കേരളയാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യുന്നത്. പരസ്യത്തിലെ പാകപ്പിഴ മൂലം അതിനു മുന്നേതന്നെ യാത്ര വാര്‍ത്തയായിരിക്കുകയാണ്. തുടങ്ങും മുന്നേ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും ചിരിപടര്‍ത്തുന്നുണ്ട്.
ആദരാഞ്ജലികളോടെ എന്നതിന് ആദരവോടെയുള്ള കൂപ്പുകൈ എന്നാണ് വാച്യാര്‍ഥമെങ്കിലും സാധാരണ ഗതിയില്‍ മരണവുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങളിലാണ് ഈ പ്രയോഗം നടത്താറുള്ളത്. പരസ്യം തയ്യാറാക്കിയപ്പോള്‍ വന്ന പിഴവാകാം ഐശ്വര്യ കേരള യാത്രയ്ക്ക് വിനയായത് എന്നാണ് കരുതുന്നത്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകളായി പ്രചരിക്കുകയാണ്.
Content Highlights: UDF aishwarya kerala yathra, Kerala Assembly Election 2021