കോഴിക്കോട്:  പിണറായി തരംഗത്തില്‍ എല്‍.ഡി.എഫ്. തുടര്‍ഭരണം സ്വന്തമാക്കിയപ്പോള്‍ എല്ലാ പ്രവചനങ്ങളേയും തെറ്റിച്ച് ജയിച്ചു കയറിയ ചില സ്ഥാനാര്‍ഥികളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനി റാന്നി എം.എല്‍.എ. പ്രമോദ് നാരായണനാണ്. 25 വര്‍ഷം റാന്നിയെ പ്രതിനിധീകരിച്ച രാജു ഏബ്രഹാമിനെ ടേം നിബന്ധന പ്രകാരം മാറ്റി നിര്‍ത്തി, ആ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് നല്‍കുകയായിരുന്നു. 

Election Result

കേരള കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പിനിടെയാണ് ജില്ലയ്ക്ക് പുറത്തുനിന്ന് പ്രമോദ് നാരായണന്‍ അവിടെ സ്ഥാനാര്‍ഥിയായി എത്തിയത്. പല പാര്‍ട്ടികളിലൂടെ കേരള കോണ്‍ഗ്രസിലെത്തിയ പ്രമോദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ പാര്‍ട്ടിക്കുള്ളിലും പ്രതിഷേധം ഉണ്ടായി. പക്ഷേ അന്തിമഫലം വന്നപ്പോള്‍ 1,285 വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രമോദ് ജയിച്ചുകയറി. അതില്‍ നിര്‍ണായകമായത് ബി.ഡി.ജെ.എസ്. വോട്ടിലെ ചോര്‍ച്ചയായിരുന്നു. 

രാജു ഏബ്രഹാം 14,596 വോട്ടിന് ജയിച്ചപ്പോള്‍ 25,201 വോട്ടുണ്ടായിരുന്നു ബി.ഡി.ജെ.എസ്സിന്റെ കെ.പത്മകുമാറിന്. ഇത്തവണ അതേ സ്ഥാനാര്‍ഥി വീണ്ടും മത്സരിച്ചിട്ടും 5,614 വോട്ട് കുറഞ്ഞു. ഇതും പ്രമോദിന്റെ വിജയത്തില്‍ നിര്‍ണായകമായി. വോട്ടെടുപ്പിന് ശേഷമുള്ള അവലോകനത്തിലും ജില്ലയില്‍ റാന്നിയുടെ കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് പ്രമോദ് ജയിച്ചുകയറി. 

ജോസ് കെ. മാണിയുടെ ഇതേ പരീക്ഷണം പക്ഷേ പിറവത്ത് പാളി. സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെട്ട ജില്‍സ് പെരിയപുറത്തിനെ മാറ്റി അവസാന നിമിഷം സിന്ധുമോള്‍ ജേക്കബ് സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ പേമെന്റ് സീറ്റ് ആരോപണം വരെ അവിടെ ഉയര്‍ന്നു. എല്‍.ഡി.എഫ്. തരംഗത്തില്‍ പക്ഷേ സിന്ധുമോള്‍ക്ക് ജയിച്ചുകയറാനായില്ല എന്ന് മാത്രമല്ല കഴിഞ്ഞതവണ യു.ഡി.എഫിന് ലഭിച്ച 6,195 വോട്ടിന്റെ ഭൂരിപക്ഷം 25,634 വോട്ടായി നാലിരട്ടി കൂടി. 

യാക്കോബായ വോട്ടാണ് ലക്ഷ്യമിട്ടതെങ്കില്‍ അത് ലഭിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞതവണ എല്‍.ഡി.എഫിന് ലഭിച്ച വോട്ടില്‍നിന്ന് 7883 വോട്ടും കുറഞ്ഞു. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ വോട്ടിലും 6000-ത്തിന്റെ കുറവുണ്ടായി. 

എറണാകുളം ജില്ലയില്‍ ഒരിടത്ത് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍ ഫലിച്ചപ്പോള്‍ ഒരിടത്ത് തെറ്റി. ആലുവയില്‍ അന്‍വര്‍ സാദത്തിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ. മുഹമ്മദാലിയുടെ മരുമകളെ നിര്‍ത്തിയുള്ള പരീക്ഷണം അമ്പേ പാളി. അന്‍വര്‍ സാദത്തിന്റെ ഭൂരിപക്ഷത്തില്‍ കേവലം 51 വോട്ടിന്റെ മാത്രം വര്‍ധന. രണ്ട് പേരുടെയും വോട്ട് 4000 വീതം കൂടി. ബി.ജെ.പിയുടെ വോട്ടില്‍ 4000 ത്തിന്റെ കുറവുണ്ടായി. 

പേമെന്റ് സീറ്റ് ആരോപണം പോലും ഉയര്‍ന്ന കുന്നത്തുനാട് പക്ഷേ സി.പി.എം. പ്രതീക്ഷ നിറവേറ്റി പി.വി. ശ്രീനിജന്‍ 2,715 വോട്ടിന് ജയിച്ചു കയറി. കഴിഞ്ഞ തവണ യു.ഡി.എഫിന്റെ സജീന്ദ്രന്‍ ജയിച്ചത് 2,679 വോട്ടിനായിരുന്നു. 2006-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഞാറയ്ക്കല്‍ മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ ശ്രീനിജന്‍ ഇത്തവണ തീര്‍ത്തും അപ്രതീക്ഷിതമായാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്തിയത്. ട്വന്റി 20-യുടെ സാന്നിധ്യമാണ് ശ്രീനിജന് ഒരു പരിധി വരെ കാര്യങ്ങള്‍ അനുകൂലമാക്കിയത്. 

യു.ഡി.എഫിന് 15,809 വോട്ട് കുറഞ്ഞപ്പോള്‍ എല്‍.ഡി.എഫിന് 10,415 വോട്ട് കുറഞ്ഞു. കന്നി അങ്കത്തില്‍ ട്വന്റി 20 സ്ഥാനാര്‍ഥി പിടിച്ചത് 42,701 വോട്ടാണ്.

Content Highlights: Unexpected candidates won in LDF wave