കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ചൊന്നും ചെയ്യാനാവാതെ മുന്നണികൾക്ക് വെല്ലുവിളിയാവുമെന്ന് കരുതിയ ട്വന്റി 20. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച നവയു​ഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് പുറത്തുവിട്ട കണക്കുപ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്കായുള്ളൂ.

കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില. ഇതിൽ കുന്നത്തുനാട്ടിൽ  ഇരുമുന്നണികളിൽനിന്നും വോട്ടുകൾ അല്പമെങ്കിലും സമാഹരിക്കാനായി എന്നതാണ് ട്വന്റി-ട്വന്റിക്ക് ആശ്വസിക്കാൻ വകനൽകുന്ന കാര്യം.

വലിയ തോതിലുള്ള പ്രചാരണപ്രവർത്തനങ്ങളാണ് ട്വന്റി 20 ഇവിടെ നടത്തിയിരുന്നുത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ അ‌സ്ഥാനത്തായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. 

ജില്ലയിൽ ട്വന്റി 20-യുടെ സാന്നിധ്യം വെല്ലുവിളിയായി വിലയിരുത്തപ്പെട്ടിരുന്ന തൃക്കാക്കരയിൽ അ‌വർക്ക് കാര്യമായി വോട്ട് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൂടാതെ കോതമം​ഗലത്ത് 2,693 വോട്ടിൽ ഒതുങ്ങുകയും ചെയ്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അങ്ങനെ ഒരു ലാഘവത്തിൽ കാണേണ്ട സം​ഗതിയല്ല എന്നാണ് ഈ തിരഞ്ഞെടുപ്പിൽ ട്വന്റി 20 രാഷ്ട്രീയ കേരളത്തിന് നൽകുന്ന പാഠം.

Content Highlights: Twenty Twenty, Kizhakkambalam, Kerala Assembly Election 2021, Kerala War