കോട്ടയം: യു.ഡി.എഫ്. നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടായാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷനേതാവ് ആകുമോ. ആകാംക്ഷയിലാണ് കോട്ടയം ജില്ലയും. ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്ത് മികവ് തെളിയിച്ച തിരുവഞ്ചൂരിനെ ഇക്കുറി പാർട്ടി പുതിയ ചുമതല ഏൽപ്പിക്കുമോ എന്നതാണ് ചർച്ച ചെയ്യപ്പെടുന്നത്.

ഇടതുതരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. മുന്നണിയുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസാരിക്കവെ, പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ ഒന്നും അദ്ദേഹത്തിൽനിന്നുണ്ടായില്ല. നേതൃത്വത്തെ കുറ്റപ്പെടുത്താൻ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെല്ലാമാണ് കുറവുണ്ടായതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സഭയിൽ പ്രതിപക്ഷ വാദമുഖങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ തിരുവഞ്ചൂർ മികവ് കാട്ടിയിരുന്നു. സി.പി.എമ്മിനെതിരെ രാഷ്ട്രീയമായി പോരാട്ടം നയിക്കുന്നതിലും അദ്ദേഹം ശ്രദ്ധനേടി. ഒപ്പം സ്വന്തം മണ്ഡലത്തിൽ വികസനവഴി തുറന്ന് തട്ടകം സുരക്ഷിതമാക്കുന്നതിലും അദ്ദേഹം വിജയിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ ടി.പി.കേസ് കൈകാര്യം ചെയ്തതിലൂടെ വലിയ അംഗീകാരമാണ് പൊതുസമൂഹം അദ്ദേഹത്തിന് നൽകിയത്. കോട്ടയത്ത് അദ്ദേഹം തുടർച്ചയായി മൂന്നാം വിജയമാണ് നേടിയത്. അടൂരിൽ നാലുവട്ടം വിജയിച്ചു.