തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുക 24 സീറ്റില്‍. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം. 

എന്നാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശ്ശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ.

ജോസ് പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശ്ശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. ചങ്ങനാശ്ശേരി സിപിഐക്ക് വിട്ടുനല്‍കിയാല്‍ മിക്കവാറും കേരള കോണ്‍ഗ്രസിന് പിറവമാകും പകരം നല്‍കുക.

ചങ്ങനാശ്ശേരിയുടെ കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ പറവൂര്‍, പിറവം സീറ്റുകള്‍ മാറുന്നത് ചര്‍ച്ചയില്‍ വരൂ. പേരാവൂര്‍ സീറ്റിലും സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. ഇനി കാഞ്ഞിരപ്പള്ളിക്ക് പകരം പേരാവൂര്‍ സിപിഐക്ക് നല്‍കാനുള്ള സാധ്യത തള്ളാനാകില്ല.