അഴീക്കോട്: പിണറായി വിജയന്‍ ടീം ലീഡറെന്ന് സി.പി.എം നേതാവ് പി ജയരാജന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയുധമാക്കാനുള്ള നീക്കം പിണറായി വിജയന്‍ പൊളിച്ചടുക്കിയെന്നും ഇടതുമുന്നണി ഇത്തവണ ചരിത്ര വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
 
ഇടതുമുന്നണിക്ക് ഇത്തവണ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത് വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ സര്‍വേകളില്‍ വ്യക്തമായതാണ്. അത്തരം സാഹചര്യത്തെ നേരിടാന്‍ യുഡിഎഫിന്റെയും വലതുപക്ഷത്തിന്റെയും ബുദ്ധികേന്ദ്രങ്ങള്‍ നടത്തിയ ആസൂത്രിതമായ പ്രചരണത്തിന്റെ ഭാഗമാണ് സിപിഎം നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം. അതൊന്നും വിലപ്പോകില്ലെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 
 
"ചരിത്രം രചിക്കുന്ന ഒരു വോട്ടെടുപ്പിലാണ് കേരളത്തിലെ ജനങ്ങള്‍ പങ്കെടുത്തത്. കേരള ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ പോകുന്നു. എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്തവര്‍ ചരിത്ര ദൗത്യത്തിലാണ് പങ്കാളികളായത്. അഴീക്കോട്ട് ചരിത്രം തിരുത്തിക്കുറിച്ച് ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ഥി ജയിക്കും. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും അവിടെ സ്വാധീനമുണ്ട്. പക്ഷെ കഴിഞ്ഞ തവണ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. മുസ്‌ലീം ഏകീകരണം ഉണ്ടാക്കിയും ബിജെപിയുടെ വോട്ട് വിലയ്ക്കുവാങ്ങിയും ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയം. വര്‍ഗീയ പ്രചരണം കോടതി കണ്ടെത്തുകയും വിജയിച്ച സ്ഥാനാര്‍ഥിക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. ഒട്ടേറെ പ്രധാനപ്പെട്ട വിധിയെഴുത്തുകള്‍ നടത്തിയ മണ്ഡലമാണ് തലശ്ശേരി. കോലീബി സഖ്യമുണ്ടാക്കിയാലും ഇടതുമുന്നണി സ്ഥാനാര്‍ഥി അവിടെയും ജയിക്കും", പി. ജയരാജൻ പറഞ്ഞു.
 
Content Highlights: Team leader P Jayarajan CPM Pinarayi Vijayan