ലിയ അട്ടിമറികളും കുറഞ്ഞ ഭൂരിപക്ഷ വിജയങ്ങളും കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. അഴീക്കോട്. പൂഞ്ഞാര്‍, കല്‍പ്പറ്റ, പാലാ,നേമം, കുണ്ടറ, വടകര, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് അപ്രതീക്ഷിതമായ അട്ടിമറികള്‍ സംഭവിച്ചത്.

ഷാജി വീണു

കെ.എം. ഷാജിയെ ഇത്തവണ അഴീക്കോട് തുണച്ചില്ല. സി.പി.എമ്മിന്റെ കെ.വി. സുമേഷിനായിരുന്നു ഇത്തവണ വിജയം. 21,786 വോട്ടാണ് കെ.വി. സുമേഷിന് ലഭിച്ചത്. കെ.എം. ഷാജിക്ക് ലഭിച്ചത് 16,312 വോട്ടുകള്‍. 2016-ല്‍ 2,287 വോട്ടുകള്‍ക്ക് ജയിച്ച് ഷാജി നിയമസഭയിലെത്തി. ഇത്തവണ പക്ഷേ തോല്‍വിയായിരുന്നു ഷാജിയെ കാത്തിരുന്നത്. മാറിവന്ന ട്രെന്‍ഡുകള്‍ക്കൊടുവില്‍ അവസാനലാപ്പില്‍ ആണ് ജയം സുമേഷ് കൊണ്ടുപോയത്. 

പി.സി. ജോര്‍ജിനെ കൈവിട്ട് പൂഞ്ഞാര്‍

പൂഞ്ഞാര്‍= പി.സി. ജോര്‍ജ് എന്നാണ്. പക്ഷേ ഇത്തവണ ആ സമവാക്യം മാഞ്ഞുപോയെന്നുവേണം പറയാന്‍. പൂഞ്ഞാറിനെ കാത്തുസൂക്ഷിച്ച പിസി ജോര്‍ജിന് ഇത്തവണ തോല്‍വി സമ്മതിക്കേണ്ടി വന്നു. 5179 വോട്ടുകളുടെ  ഭൂരിപക്ഷത്തിലാണ് സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ വിജയം. 2016-ല്‍ ഇരുപത്തേഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച് നിയമസഭ കേറിയ പി സി ജോര്‍ജിന് ഇത്തവണ ഭാഗ്യമുണ്ടായില്ല. സെബാസ്റ്റ്യന്റെ കന്നിയങ്കം വിജയം കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. 

കല്‍പ്പറ്റയില്‍ സിദ്ദിഖ്

അപ്രതീക്ഷിത അട്ടിമറി നടന്ന മറ്റൊരു മണ്ഡലമായിരുന്നു കല്‍പ്പറ്റ. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്‌കുമാറും യു.ഡി.എഫിന്റെ ടി സിദ്ദിഖും തമ്മിലായിരുന്നു മത്സരം. പ്രവചനങ്ങളെല്ലാം ശ്രേയാംസ്‌കുമാറിന് അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ വിജയം സിദ്ദിഖിനൊപ്പം നിന്നു. 5470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ ജയം.

അരുവിക്കര  

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശബരിനാഥനൊപ്പം നിന്ന അരുവിക്കര ഇത്തവണ കൂടുമാറി എല്‍.ഡി.എഫിന്റെ ജി. സ്റ്റീഫനൊപ്പം നിന്നു. 4918 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്റ്റീഫന്റെ ജയം. ശബരീനാഥന് കിട്ടിയത് 23476 വോട്ടുകള്‍. സ്റ്റീഫന് 25406 വോട്ടുകളും. 

നേമം ശിവന്‍കുട്ടിക്ക്

കെ. മുരളീധരനും വി. ശിവന്‍കുട്ടിയും കുമ്മനവും മത്സരിച്ച മണ്ഡലത്തില്‍ വീണ്ടും വിജയിയായി ശിവന്‍കുട്ടി. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശിവന്‍കുട്ടിയുടെ വിജയം. തുടക്കം മുതല്‍ കെ. മുരളീധരന് വിജയസാധ്യത പ്രവചിച്ച മണ്ഡലമായിരുന്നു നേമം. 

വടകരയില്‍ വിജയം രമയ്ക്ക്

ആര്‍.എം.പി. നേതാവ് കെ.കെ. രമയുടെ വിജയമാണ് അട്ടിമറി വിജയങ്ങളിലൊന്ന്. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമയുടെ ജയം. 63000-ത്തിലധികം വോട്ടുകളാണ് രമ നേടിയത്. മനയത്ത് ചന്ദ്രന്‍ ആയിരുന്നു മുഖ്യ എതിരാളി. 

തൃത്താല രാജേഷിന് തന്നെ

എടുത്തുപറയേണ്ട മറ്റൊരു അട്ടിമറിയാണ് തൃത്താല മണ്ഡലത്തിലേത്. എല്‍ഡിഎഫിന്റെ എം.ബി. രാജേഷും യു.ഡി.എഫിന്റെ വിടി. ബല്‍റാമും തമ്മിലായിരുന്നു മത്സരം. പ്രതീക്ഷകളെയെല്ലാം തെറ്റിച്ചുകൊണ്ട് അവിടെ വിജയം കൊയ്തത് എം ബി രാജേഷ് ആണ്. രണ്ടായിരത്തഞ്ഞൂറ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജേഷിന്റെ ജയം. 

കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റിയില്ല

ട്വന്റി 20 വലിയ വിജയം പ്രതീക്ഷിച്ചിരുന്ന കുന്നത്തുനാട്ടില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. ശ്രീനിജന്‍ വിജയക്കൊടി പാറിച്ചു. 2817 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശ്രീനിജന്റെ അട്ടിമറി ജയം.

Content Highlight: Surprise Victory in 2021 Kerala Assembly Election