സൂചന കണ്ട് പഠിച്ചില്ലെങ്കില്‍....! തിരഞ്ഞെടുപ്പ് ഫലം കണ്ട് അന്തംവിട്ട കോണ്‍ഗ്രസുകാര്‍ ഈ മുദ്രാവാക്യം ഓര്‍ക്കുന്നത് നന്നായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ഒരു വലിയ അപായസൂചന ആയിരുന്നു. Don't underestimate pinarayi എന്നാണ് തദ്ദേശഫലം യു.ഡി.എഫിനോട് പറഞ്ഞത്. യു.ഡി.എഫിന്റെ അടിവേരിളക്കാന്‍ പോന്ന സ്വീകാര്യത കോവിഡ് കാലത്ത് പിണറായി നേടിക്കഴിഞ്ഞെന്ന് മനസ്സിലാക്കാന്‍ കോണ്‍ഗ്രസ് വൈകി. 

അപകടം മണത്ത ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും ബിഷപ് ഹൗസുകളിലേക്കും പാഞ്ഞു. ഭിക്ഷാംദേഹികളായി നിന്നു. സര്‍ക്കാരിനെ ഉലച്ച വിവാദങ്ങള്‍ ലോക്കറില്‍വച്ച് ശബരിമല എടുത്ത് പരീക്ഷിച്ചു. നേമത്തേക്ക് മുരളിയെ നിയോഗിച്ച് ബി.ജെ.പിക്കെതിരായ പോരാളി എന്ന പരിവേഷം സ്വയം അണിയാന്‍ ശ്രമിച്ചു. അപ്പോഴതാ ഡീല്‍ വിവാദവുമായി ബലശങ്കറിന്റെ വെടിപൊട്ടിക്കല്‍. 71 വേണ്ട 35 സീറ്റ് മതി ഭരിക്കാന്‍ എന്ന വെല്ലുവിളിയുമായി കെ. സുരേന്ദ്രന്റെ വരവ്. 

ശബരിമല അജണ്ടയാക്കി ഹിന്ദുവോട്ടുകള്‍ ആകര്‍ഷിക്കാന്‍ യു.ഡി.എഫ്. ശ്രമിച്ചു. മോദി ശരണം വിളിച്ചു. ബി.ജെ.പിയും വര്‍ധിതവീര്യത്തോടെ ശബരിമല ഏറ്റുപിടിച്ചു. ഹിന്ദു വോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ യു.ഡി.എഫ്. ശ്രമിച്ചപ്പോള്‍ ഉറച്ച വോട്ടുബാങ്കായിരുന്ന ന്യൂനപക്ഷ വോട്ടും ഒലിച്ചുപോയി. ഫലത്തില്‍ ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല കക്ഷത്തിലിരുന്നത് പോയി എന്നതായി അവസ്ഥ. 

സുരേന്ദ്രന്റെ 35 സീറ്റും ഭരണവും അമിത് ഷാ മോഡലിന്റെ കേരള പതിപ്പായി സി.പി.എം. ഭംഗിയായി അവതരിപ്പിച്ചു. പല സംസ്ഥാനങ്ങളിലും ചാക്കില്‍ കയറിയവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണെന്ന് ബോധ്യപ്പെടുത്താന്‍ സി.പി.എമ്മിന് കഴിഞ്ഞു. ഒട്ടും മടിച്ചില്ല കോണ്‍ഗ്രസിനെ കൈവിട്ട് ന്യൂനപക്ഷങ്ങള്‍ പിണറായിക്ക് പിന്നില്‍ അണിനിരന്നു. 

ന്യൂനപക്ഷങ്ങളുടെ ബി.ജെ.പി. പേടിയുടെ ഗുണഭോക്താവ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ആയി. ഇത്തവണ ആ ബോണസ് എല്‍.ഡി.എഫിനായി. അതോടെ പിണറായി തരംഗമായി അത് ആഞ്ഞുവീശി. സ്വര്‍ണ്ണക്കടത്ത് വിവാദത്തിലും സി.എ.ജി. റിപ്പോര്‍ട്ടിലും പ്രതിക്കൂട്ടിലാകേണ്ട സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിക്കെതിരെ എഫ്.ഐ.ആര്‍. എടുത്തും തിരിച്ചടിച്ചും പ്രത്യാക്രമണത്തിലൂടെ ബി.ജെ.പിക്കെതിരായ പോരാട്ടത്തിന്റെ വീരപരിവേഷത്തിലേക്ക് കൂടി അതിനെ പിണറായി എങ്ങനെ മാറ്റിയെടുത്തു എന്നത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഓര്‍ത്തുവെക്കാവുന്നതാണ്. 

പിണറായിക്ക് ബദല്‍

2019-ല്‍ ബി.ജെ.പി. ചോദിച്ച ചോദ്യം ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരള ജനതയ്ക്ക് മുന്നിലും ഉണ്ടായി. അന്ന് ബി.ജെ.പി. ചോദിച്ചത് മോദിക്ക് ബദല്‍ ആര് എന്നാണ്. രാഹുല്‍ എന്ന് പറഞ്ഞിടത്ത് ആ തിരഞ്ഞെടുപ്പിന്റെ വിധി കുറിക്കപ്പെട്ടു. ഇവിടെയും അതാണ് സംഭവിച്ചത്. പിണറായിക്ക് ബദലായി ചെന്നിത്തലയ്ക്ക് ആഗ്രഹിക്കാം. ഒരു തവണ കൂടി മുഖ്യമന്ത്രി കസരേ കണ്ട് ഉമ്മന്‍ ചാണ്ടിയും പനിച്ചു. പക്ഷേ കൂട്ടായ നേതൃത്വം എന്ന ഗിമ്മിക്കൊക്കെ വിലപ്പോവുന്ന കാലം കഴിഞ്ഞെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. 

പിണറായിക്ക് ബദലായി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം കോണ്‍ഗ്രസിനുണ്ടായില്ല. കൃത്യമായി ഒരു നേതാവിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ധൈര്യപ്പെട്ടില്ല. ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ ആയിരുന്നു ഒറ്റ ഉത്തരമെങ്കിലും ഫലം മറിച്ചാകില്ലായിരുന്നു. പിണറായി അത്രത്തോളം വളര്‍ന്നു പന്തലിച്ച് സ്വീകാര്യത നേടി നില്‍ക്കുന്നു. അവിടെ ഒരു യഥാര്‍ഥ ബദലിനെ അതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

അവിടെ കഴിഞ്ഞു കഥ. മുഖ്യമന്ത്രി മോഹം മാറ്റിവച്ച് ശശി തരൂരിനെ ഉയര്‍ത്തിക്കാട്ടി മത്സരിപ്പിച്ചിരുന്നെങ്കില്‍ ജയം സംശയമായിരുന്നെങ്കിലും തോല്‍വിയുടെ കാഠിന്യം ഒരുപക്ഷേ കുറഞ്ഞേനെ. ആ വിശാല മനസ്‌കത ആശാന്‍ എങ്ങനെ കാണിക്കും, മുഖ്യമന്ത്രി കുപ്പായം മോഹിക്കുന്ന എയുടേയും ഐയുടേയും തലതൊട്ടപ്പന്മാര്‍ക്ക് അത് ഓര്‍ക്കാനെ കഴിയില്ല. പിന്നയല്ലേ.

ഉമ്മന്‍ ചാണ്ടിക്ക് മേല്‍നോട്ടവും ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനവും എന്ന ഫോര്‍മുല കൊണ്ട് തദ്ദേശത്തിലെ പരിക്ക് മാറ്റാനായിരുന്നു ശ്രമം. അതാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. മികച്ച സ്ഥാനാര്‍ഥികള്‍ എന്ന പരിച കൊണ്ട് ഭരണം പിടിക്കാം എന്ന സ്വപനവും പൊലിഞ്ഞു. കോണ്‍ഗ്രസ് തിരിച്ചറിയാതെ പോയത് പിണറായി വിജയന്‍ എന്ന ''ശത്രുവി''നെയാണ്. അജയ്യനായി നില്‍ക്കുന്ന പിണറായിയെ വീഴ്ത്താന്‍ ഇനി ചെറിയ അമ്പുകളൊന്നും യു.ഡി.എഫിന്‌ പോരാതെ വരും. കാലത്തിനനുസരിച്ച് ഒരു നേതൃനിരയെ പോലും കണ്ടെത്താതെ വടവൃക്ഷങ്ങളില്‍ പറ്റിക്കൂടാന്‍ കോണ്‍ഗ്രസിന് ഇനി അണികള്‍ ബാക്കിയുണ്ടാകുമോ എന്തോ.

ചെന്നിത്തലയുടെ വാര്‍ത്താസമ്മേളന ബാഹുല്യവും ഒരു പരിധി വരെ ബാധ്യതയായി മാറുകയായിരുന്നു. വിശ്വാസ്യത വിഷയത്തില്‍ മാത്രമല്ല വ്യക്തിയിലും പ്രധാനമാണ്. ചെന്നിത്തലയുടെ നേതൃശേഷി സംശയത്തിലാക്കാന്‍ സൈബര്‍ ആര്‍മികള്‍ക്ക് കൃത്യമായി കഴിഞ്ഞു. മോദിയുടെ വരവോടെ രാഷ്ട്രീയം പൊതുവേ ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന കാലമാണ്. അവര്‍ വിജയിക്കുന്നു. അതാണ് കാഴ്ച. 

ബംഗാളില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മമത നില്‍ക്കുന്നു. ആന്ധ്രയില്‍ ജഗന്‍. തെലങ്കാനയില്‍ ചന്ദ്രശേഖര റാവു. ആ നിരയിലേക്ക് പിണറായി വളര്‍ന്നിരിക്കുന്നു. ക്യാപ്റ്റന്റെ പുതിയ കാബിനറ്റിലും ഇതിന്റെ അനുരണനങ്ങള്‍ കാണാം കാത്തിരിക്കുക.