കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ വി. കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ ഇത്തവണ മത്സരിക്കില്ല. പകരം അദ്ദേഹത്തിന്റെ മകൻ അഡ്വ വി. ഇ അബ്ദുൾ ഗഫൂറിനെയാണ് സ്ഥാനാർഥിയായി ലീഗ് തീരുമാനിച്ചത്. പിതാവ് ഇബ്രാഹിം കുഞ്ഞ് നാല് തവണ മത്സരിച്ച് ജയിച്ച മണ്ഡലമായ കളമശ്ശേരിയിൽ നിന്നാണ് മകൻ അബ്ദുൾ ഗഫൂർ ജനവിധി തേടുന്നത്. മുസ്ലിം ലീഗ് ഇന്ന് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലാണ് ഇബ്രാഹിം കുഞ്ഞിന്റെ മകന്റെ പേരുള്ളത്.

കഴിഞ്ഞ നാല് തവണയായി ഇബ്രാഹിം കുഞ്ഞ് മത്സരിച്ച് ജയിച്ച മണ്ഡലമാണ് കളമശ്ശേരി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇബ്രാഹിം കുഞ്ഞ് മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് യുഡിഎഫില്‍ അഭിപ്രായമുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞിന് പകരം അദ്ദേഹത്തിന്റെ മകന്‍ വി. ഇ അബ്ദുള്‍ ഗഫൂര്‍ സ്ഥാനാര്‍ഥിയാവുന്നത്. 

തന്റെ മകനെന്ന നിലയിലല്ല വി ഇ അബ്ദുൾ ഗഫൂർ മത്സരിക്കുന്നതെന്ന് ഇബ്രാഹിം കുഞ്ഞ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"തന്റെ മകന്‍ എന്ന നിലയിലല്ല അഡ്വ. വി. ഇ അബ്ദുള്‍ ഗഫൂര്‍ സ്ഥാനാര്‍ഥിയായത്.  വി. ഇ അബ്ദുള്‍ ഗഫൂര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. അതോടൊപ്പം ഹൈക്കോടതി അഭിഭാഷകനുമാണ്. സ്വന്തമായി ഓഫീസും പ്രാക്ടീസുമുള്ള അഭിഭാഷകനാണ്. പുറമേ സര്‍ക്കാരിന്റെ കോണ്‍സുലായിട്ട് ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്", ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

മറ്റുള്ള സ്ഥാനാര്‍ഥികളെ പോലെ ഗഫൂറും ജനങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. കഴിഞ്ഞ 20 വര്‍ഷവും ജനങ്ങള്‍ എന്നെത്തേടി വരികയായിരുന്നു. അത് അഡ്വ വി അബ്ദുള്‍ ഗഫൂറും പിന്തുടരണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

content highlights: Son of V. K. Ebrahimkunju V E Abdul Gafoor Kalamassery Muslim league candidate