തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ മത്സരിക്കും. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീറും സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പിന്മാറിയ മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറയാണ് പുതിയ സ്ഥാനാര്‍ഥി.

കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ഥിത്വം ഉറപ്പായത്. വ്യാഴാഴ്ച മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് ഒരു ''സസ്പെന്‍സ്'' ഉണ്ടെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ആ സസ്പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ഥിയെ കൊണ്ടുവരാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാര്‍ഥിയാകുന്നത്. നേരത്തെ കഴക്കൂട്ടത്തിന് അവകാശവാദം ഉന്നയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച മണികണ്ഠന്‍ എന്ന മണിക്കുട്ടന്‍ പിന്‍മാറിയിരുന്നു. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മണികണ്ഠന്‍ പിന്മാറിയത്. സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നം അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ വേറെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

Content Highlights: Sobha Surendran to contest from Kazhakkoottam