ആലപ്പുഴ: നിമയസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള സ്‌പെഷ്യല്‍ റേഷനരി വിതരണം ചെയ്യുന്നതില്‍ പൊതുവിതരണവകുപ്പിന് അമാന്തം. സ്‌പെഷ്യല്‍ റേഷനില്‍ ഉള്‍പ്പെട്ട പച്ചരിയുടെ സ്റ്റോക്ക് എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. ഇതുമൂലം മുഴുവന്‍ വിഹിതവും കിട്ടാതെ കാര്‍ഡുടമകള്‍ തിരിച്ചുപോകുകയാണ്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നീല, വെള്ള കാര്‍ഡുകാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിവീതം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമനം. ഇതില്‍ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയുമായിരുന്നു. എന്നാല്‍, ആവശ്യക്കാര്‍ ഏറ്റവും കൂടുതലുള്ള പച്ചരി എത്തിക്കുന്നതില്‍ വകുപ്പിനു വീഴ്ചയുണ്ടായി.

റേഷന്‍ കടക്കാര്‍ സ്‌പെഷ്യല്‍ അരിക്ക് മുന്‍കൂര്‍ പണമടയ്ക്കണമെന്ന നിബന്ധനയും വിതരണം താറുമാറാക്കുന്നുണ്ട്. മുന്‍കൂട്ടി പണമടയ്ക്കാത്ത റേഷന്‍ കടകളില്‍ ചിലയിടങ്ങളില്‍ പുഴുക്കലരിയും സ്റ്റോക്കില്ലാത്ത സ്ഥിതിയുണ്ട്.

തിരഞ്ഞെടുപ്പിനു മുന്‍പ് സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അരിവിതരണം നിര്‍ത്തിവെപ്പിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടുകയായിരുന്നു. അതനുസരിച്ച്, മാര്‍ച്ച് 30-ന് തന്നെ സ്‌പെഷ്യല്‍ അരി വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകഴിഞ്ഞതോടെ അരിവിതരണത്തില്‍ പഴയ ആവേശമില്ല.

സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകള്‍ക്കും റേഷന്‍ കടകളില്‍ ക്ഷാമമുണ്ട്. തിരഞ്ഞെടുപ്പിനു മുന്‍പ് വിതരണം ആരംഭിച്ച ഈസ്റ്റര്‍-വിഷു കിറ്റുകളുടെ സ്റ്റോക്കാണ് എത്തിക്കാത്തത്. മഞ്ഞ കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യാനുള്ള സ്റ്റോക്ക് മാത്രമാണ് റേഷന്‍ കടകളിലുള്ളത്. പിങ്ക് കാര്‍ഡുകള്‍ക്കുള്ളത് ഇനിയും എത്താനുണ്ട്. നീല, വെള്ള കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ എന്നുകിട്ടുമെന്നു വ്യക്തമല്ല.