തിരുവനന്തപുരം: ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശി തരൂര്‍ എം.പി. അനാവശ്യമായി ഹെല്‍മെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെകുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ വിശ്വാസികളെ ബഹുമാനിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി ആകുമായിരുന്നില്ല. ഞങ്ങള്‍ പറയുന്നു ശബരിമല ഒരു വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ് അതാണ് ജനങ്ങള്‍ കാണുന്നത്. ഇന്ന് അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഇത് പോര ഇത് വൈകി എന്നാണ് പറയാനുളളത്.' തരൂര്‍ പറഞ്ഞു. 

യുഡിഎഫിന്റെ നേമത്തെ സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന് കരുതുന്നതായി തരൂര്‍ വ്യക്തമാക്കി.  ഒ.രാജഗോപാല്‍ നല്ല മനുഷ്യനാണെന്നും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞ തരൂര്‍ പക്ഷേ അദ്ദേഹം അഞ്ചുവര്‍ഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും ചോദിച്ചു.
യുഡിഎഫിന് ക്യാപ്റ്റനുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് എല്ലാവരും കോമ്രേഡ്‌സ് ആണ് അതിനര്‍ഥം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. 


Content Highlights:Shashi Tharoor crticises Pinarayi Vijayan's remark on Sabarimala