തിരുവനന്തപുരം: പുതുമുഖ മന്ത്രിമാരുടെ നിരയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നു. മന്ത്രിമാരെയും പ്രധാന വകുപ്പുകളില്‍ ആരൊക്കെ വേണം എന്ന് നിശ്ചയിക്കാനുള്ള സിപിഎമ്മിന്റെ നിര്‍ണായക സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടരുന്നു. എല്ലാവരും പുതുമുഖങ്ങള്‍ വരട്ടെ എന്ന അഭിപ്രായവും ചര്‍ച്ചചെയ്യുന്നതായാണ് അറിയുന്നത്. അങ്ങനെ വരുമ്പോള്‍ കെ.കെ ശൈലജയുടെ പദവി എന്ത് വേണം എന്നതാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.

മന്ത്രിമാരുടെ സാധ്യതാ പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നത് ഈ പേരുകളാണ്. കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, സി.എച്ച് കുഞ്ഞമ്പു, പി.പി. ചിത്തരഞ്ജന്‍, പി. നന്ദകുമാര്‍, വീണ ജോര്‍ജ്, എം.ബി. രാജേഷ്, കാനത്തില്‍ ജമീല, ആര്‍. ബിന്ദു എന്നീ പേരുകളാണുള്ളത്. ഡി.വൈ.എഫ്‌.ഐയില്‍ നിന്ന് മുഹമ്മദ് റിയാസോ എ.എന്‍. ഷംസീറോ വരും.

സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവും കെ.എന്‍ ബാലഗോപാലും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്‌. ഇതലൊരാള്‍ ധനമന്ത്രിയായാല്‍ മറ്റേയാള്‍ക്ക് പൊതുമരാമത്ത് വകുപ്പായിരിക്കും ലഭിക്കുക. പി.പി. ചിത്തരഞ്ജന്റ പേരാണ് ഫിഷറീസ് വകുപ്പിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഉറപ്പിച്ചു. എം.വി. ഗോവിന്ദന് വ്യവസായവും വി.എന്‍. വാസവന് എക്‌സൈസ് വകുപ്പും ലഭിച്ചേക്കും. ശൈലജ ടീച്ചര്‍ മന്ത്രിയായി തുടര്‍ന്നാല്‍ ആരോഗ്യവകുപ്പ് തന്നെയാകും ലഭിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ വീണ ജോര്‍ജിന്റെ പേര് ആ വകുപ്പിലേക്ക് പരിഗണിച്ചേക്കും. ജലീലിനൊപ്പം വീണ ജോര്‍ജിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും കേള്‍ക്കുന്നുണ്ട്‌.

എ.സി. മൊയ്തീന്‍ മന്ത്രിയായി തുടര്‍ന്നാല്‍ വൈദ്യുതി വകുപ്പിലേക്ക് പരിഗണിച്ചേക്കും. എ.കെ. ബാലന്‍ വഹിച്ച വകുപ്പുകളാകും കെ. രാധാകൃഷ്ണന് ലഭിക്കുകയെന്നാണ് സൂചന. തദ്ദേശ സ്വയം ഭരണ വകുപ്പിലേക്ക് ശിവന്‍കുട്ടിയോ സജി ചെറിയാനോ എത്തിയേക്കാം. വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് എം.ബി. രാജേഷിന്റെ പേരിനാണ് മുന്‍തൂക്കം. കേരള കോണ്‍ഗ്രസിന് ഒരുപക്ഷേ കൃഷി വകുപ്പ് ലഭിച്ചേക്കും.

ഇന്നലെ രാത്രി പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കിടിയില്‍ ഇതു സംബന്ധമായ പ്രാഥമികചര്‍ച്ചയും നടന്നു.

സി.പി.ഐക്ക് ഇത്തവണയും നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. ജി.ആര്‍. അനിലിന്റെയും ചിറ്റയം ഗോപകുമാറിന്റെയും പേരാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.