തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മലപ്പുറത്ത് നിന്ന് സി.പി.എമ്മിന്റെ  പ്രാതിനിധ്യമാണ് വി.അബ്ദുറഹ്‌മാന്‍. മലപ്പുറത്ത് ആകെയുള്ള നാല് ഇടത് എം.എല്‍.എമാരില്‍ മുസ്ലിംലീഗിനെതിരെ മത്സരിച്ച് ജയിച്ചത് അബ്ദുറഹിമാനാണ്. 

മലപ്പുറം സുല്‍ത്താനെന്ന് വിളിച്ചിരുന്ന കെ.ടി. ജലീലിന് പകരക്കാരനായി താനൂരുകാരുടെ മാമന്‍ സര്‍ക്കാരില്‍ ഇനി മലപ്പുറത്തെ പ്രതിനിധീകിരിക്കും.

താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്‌മാന്‍ ജയിച്ച് നിയമസഭയിലേക്കുത്തുന്നത്. കഴിഞ്ഞ തവണത്തെ അട്ടിമറി നേട്ടം ആവര്‍ത്തിച്ചു. തിരൂര്‍ പൂക്കയില്‍ പൊരൂര്‍ സ്വദേശിയായ അബ്ദുറഹ്‌മാന്‍. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയത്. കെ.പി.സി.സി. അംഗമായിരിക്കേ 2014-ല്‍ കോണ്‍ഗ്രസ് വിട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ചിരുന്നു.

തിരൂര്‍ നഗരസഭയില്‍ കൗണ്‍സിലറും സ്ഥിരംസമിതി അധ്യക്ഷനും നഗരസഭാ ഉപാധ്യക്ഷനുമായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, ഹജ്ജ് കമ്മിറ്റിയംഗം, ആക്ട് തിരൂര്‍ സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.സി. (നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്) ആയിരുന്നു പാര്‍ട്ടി.

54 കൊല്ലം തുടര്‍ച്ചയായി മുസ്ലിംലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ച മണ്ഡലമാണ് അബ്ദുറഹിമാന്‍ കൈയടക്കിയത്. ഇത്തവണ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ ലീഗ് ശ്രമം നടത്തിയെങ്കിലും 985 വോട്ടുകള്‍ അബ്ദുറഹിമാന്‍ മണ്ഡലം നിലനിര്‍ത്തി.

Content Highlights: second pinarayi cabinet-v abdurahiman minister post