ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിലൂടെ എത്തി പൊതുതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷം നേടിയ സജി ചെറിയാന്‍ ഇനി മന്ത്രിസഭയിലേക്ക്. കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സജി ചെറിയാന്‍ ആദ്യമായി നിയമസഭയിലേക്കെത്തുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയം പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച സജി ചെറിയാന്‍ ഇത്തവണ നേടിയതും വന്‍ ഭൂരിപക്ഷം. നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു സ്ഥാനാർഥി നേടുന്ന വലിയ ലീഡായ 31,984 വോട്ടുകൾ നേടിയാണ് സജി ചെറിയാന്‍ ചെങ്ങന്നൂരിന്റെ സാരഥിയായത്. ഇപ്പോള്‍ മന്ത്രിസഭയിലേക്കും. 

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ടി.ടി.ചെറിയാന്റെയും റിട്ട. പ്രഥമാധ്യാപിക ശോശാമ്മ ചെറിയാന്റെയും മകന്‍. 56-കാരന്‍. 1978-ല്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.യിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 25 വര്‍ഷത്തെ കെ.എസ്.യു. ഭരണം അവസാനിപ്പിച്ചു മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി.

തിരുവനന്തപുരം ലോ-അക്കാദമി ലോ-കോളേജില്‍നിന്ന് നിയമവിദ്യാഭ്യാസം. 1980-ല്‍ സി.പി.എം. അംഗമായി. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ്, സ്പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാപ്രസിഡന്റ്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

സി.പി.എം. നേതാവ് എന്നതിനോടൊപ്പം കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ എന്നനിലയിലാണ് ചെങ്ങന്നൂരില്‍ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്. 2018-ല്‍ ചെങ്ങന്നൂരില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.എല്‍.എ. ആയി. സി.പി.എം. ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാസെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ(എം.ബി.ബി.എസ്. വിദ്യാര്‍ഥിനി). മരുമക്കള്‍: അലന്‍, ജസ്റ്റിന്‍.

Content Highlights: Saji Cheriyan new minister in Pinarayi Vijayan cabinet